വൃക്കരോഗവും മൂലം കഷ്ടപ്പെടുന്ന എട്ട് വയസ്സുകാരി മാളുവിനു വേണ്ടി രവീന്ദ്രന്‍നായര്‍ മെയ് 1 മുതല്‍ 10 വരെ തന്റെ ഓട്ടോ ഓടി നേടിയ കാല്‍ലക്ഷത്തോളം രൂപ കൈമാറി

single-img
15 May 2015

Raveendra Nair

മെയ് 1 മുതല്‍ 10 വരെ മാവേലിക്കര പുതിയകാവ് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ ചെറുകോല്‍ ചെങ്കിലാത്തു ലക്ഷ്മി നിവാസില്‍ 58 വയസ്സുകാരനായ രവീന്ദ്രന്‍നായര്‍ക്ക് വിശ്രമമില്ലായിരുന്നു. വൃക്കരോഗത്തോട് മല്ലിട്ട് ജീവിതം തിരിച്ചുപിടിക്കാന്‍ പാടുപെടുന്ന ഒരു എട്ടുവയസ്സുകാരിക്കായി തന്റെ കെഎല്‍-04 ഇ 1184-ാം നമ്പര്‍ ഓട്ടോ സ്വന്തം ആവശ്യങ്ങള്‍ മാറ്റിവെച്ച് ഓടിച്ച് അതില്‍ നിന്നും കിട്ടിയ കാല്‍ലക്ഷത്തോളം രൂപ കുട്ടിയുടെ അമ്മയെ ഏല്‍പ്പിക്കുമ്പോള്‍ ആ ഹൃദയം നിര്‍വൃതികൊണ്ട് നിറഞ്ഞിരുന്നു.

മാളുവിന്റെ രോഗവിവരം അറിഞ്ഞപ്പോള്‍ തന്നെ രവീന്ദ്രന്‍നായര്‍ തീരുമാനമെടു്തിരുന്നു, കുട്ടിക്കുവേണ്ടി തന്നാല്‍ കഴിയുന്ന എന്തെങ്കിലും ചെയ്യണമെന്ന്. അപ്പോഴാണ് ഇങ്ങനെയൊരാശയം അഅദ്ദേഹത്തിന്റെ മനസ്സില്‍ എത്തിയത്. കുടുംബത്തിനു വേണ്ടി അധ്വാനിക്കുന്ന ഒരു മാസത്തില്‍ പത്തു ദിവസം ഒരു ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം മാറ്റിവെയ്ക്കുകയായിരുന്നു.

എന്നാല്‍ ഇക്കാര്യം അറിഞ്ഞതോടെ പുതിയകാവിലെ സ്റ്റാന്‍ഡില്‍ വെറുതെ കിടക്കാന്‍ അദ്ദേഹത്തിന് ഒട്ടും നേരമുണ്ടായിരുന്നില്ല. രവീെന്ദ്രന്‍നായരുടെ ഓട്ടോയുടെ കാരുണ്യ ഓട്ടത്തില്‍ സഹകരിക്കാന്‍ ജനങ്ങള്‍ ഒത്തൊരുമയോടെ നല്ല മനസ്സുമായെത്തി. ആയിരത്തിന്റെയും അഞ്ഞൂറിന്റെയു മൊക്കെ നോട്ട് ഓട്ടോ ചാര്‍ജ് നല്‍കാനായി നല്‍കിയവരില്‍ ചിലര്‍ ബാക്കി മപാലും വാങ്ങാതെ ഈ കാരുണ്യ യാത്രയോട് സഹകരിച്ചു. ഓട്ടോയില്‍ കയറിയവര്‍ മാത്രമല്ല പരിചയക്കാരും സ്ഥിരം യാത്രക്കാരും ഓട്ടോ സവാരി നടത്തിയില്ലെങ്കില്‍ കൂടി പണം രവീന്ദ്രന്‍ നായരെ ഏല്‍പ്പിച്ചു. പണം കൈമാറാനായി ചെങ്ങന്നൂരിലേക്കുള്ള യാത്രയ്ക്കിടയില്‍ സ്ഥിരം യാത്രക്കാരായ ബാങ്ക് ഉദ്യോഗസ്ഥര്‍ പോലും തങ്ങളുടെ കയ്യിലുള്ളത് നല്‍കി ഈ പ്രവൃത്തനത്തില്‍ പങ്കാളിയായി.

കഴിഞ്ഞദിവസം മകന്‍ അഭിരാമിനൊപ്പം മാളുവിന്റെ വീട്ടിലെത്തിയ രവീന്ദ്രന്‍ നായര്‍ പിരിഞ്ഞുകിട്ടിയ 24,551 രൂപ മാളുവിന്റെ അമ്മ ഇന്ദുവിനു നല്‍കി. മാളുവിന്റെ ചികിത്സയ്ക്ക് ചുക്കാന്‍ പിടിക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ ബാലു ശ്രീകുമാറും ഒപ്പമുണ്ടായിരുന്നു. തന്നാല്‍ കഴിയുന്നത് അധ്വാനിച്ച് നല്‍കി ഒരു ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച ആ നല്ല മനസ്സിന് എത്രതന്നെ നന്ദിപറഞ്ഞാലും മതിയാകാത്ത അവസ്ഥയിലാണ് വീട്ടുകാരും ആ നാട്ടുകാരും.

ഒരു അപകടമോ പെറ്റിക്കേസോ ഉണ്ടാക്കാതെ കഴിഞ്ഞ 34 വര്‍ഷമായി വാഹനമോടിക്കുന്ന രവീന്ദ്രന്‍ നായരെ റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറം ജില്ലയിലെ മാതൃകാ ഡ്രൈവറായി തിരഞ്ഞെടുക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ മന്ത്രി തിരുവഞ്ചൂര്‍
രാധാകൃഷ്ണനാണ് രവീരന്ദന്‍നായര്‍ക്ക് അവാര്‍ഡ് സമ്മാനിച്ചത്.