പേരുപോലെ തന്നെ ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര

single-img
12 May 2015

bgരണ്ട് കള്ളന്‍മാരും രണ്ട് പൊലീസുകാരും കൂടി കണ്ണൂരില്‍ നിന്നും തിരുവന്തപുരത്തേക്ക് നടത്തുന്ന യാത്രയും തുടര്‍ന്നുള്ള രസക്കാഴ്ചകളുമാണ് ഒരു സെക്കന്‍ഡ്ക്ലാസ് യാത്ര. തികച്ചും വ്യത്യസ്തരായ രണ്ടു കള്ളന്മാരും രണ്ടു പൊലീസുകാരും പ്രതികളായ നന്ദുവിനെയും മാരനെയും കണ്ണൂരില്‍നിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോവുകയാണ്. കൂടെയുള്ളത് ജോണി കുര്യനും ബാലഗോപാലനും. പൊലീസുകാരായ ഇവര്‍ രണ്ടുപേരും പരിചയക്കാരാണെങ്കിലും തമ്മില്‍ പരിശീലനകാലം മുതലേ ശത്രുക്കളാണ്. ജോണി കുര്യന്‍ കള്ളന് കഞ്ഞിവെച്ചവനാണ്. ബാലഗോപാലനാവട്ടെ മനുഷ്യസ്‌നേഹിയും.

മാരന്‍ കൊച്ചിക്കാരനായ തനി കള്ളന്‍തന്നെയാണ്. കള്ളനായിട്ടാണ് മാരനെ വളര്‍ത്തിയതും. പക്ഷേ, നന്ദുവിന്റെ മുഖം കണ്ടാല്‍ അറിയാം ഒരു കള്ളന്റെ യാതൊരു ലക്ഷണവുമില്ല. നിഷ്‌കളങ്കമായ മുഖം. ദുഃഖം തളംകെട്ടിക്കിടക്കുന്ന കണ്ണുകള്‍. എന്തോ നഷ്ടപ്പെട്ട ഭാവം. മിക്കവാറും പെട്ടുപോയതായിരിക്കും. നന്ദുവിന്റെ കണ്ണുകള്‍ കഥപറയുന്നുണ്ട്. നന്ദു തനി ഗ്രാമീണനാണ്. കണ്ണൂരിലെ ഉള്‍നാടന്‍ ഗ്രാമത്തിലെ ഒരു കര്‍ഷകന്റെ മകന്‍. അച്ഛനും അമ്മയും ലക്ഷ്മി എന്ന ചേച്ചിയുമുണ്ട്. ചേച്ചി എന്നുവെച്ചാല്‍ നന്ദുവിന് ജീവനാണ്. സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന നന്ദു എങ്ങനെ ജയിലിലകപ്പെട്ടുവെന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ഈ ശുദ്ധനായ നന്ദുവിന്റെയും മാരന്റെയും രണ്ടു പൊലീസുകാരുടെയും രസകരങ്ങളായ മുഹൂര്‍ത്തങ്ങളാണ് ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന ചിത്രത്തിലുടെ പറയുന്നത്. അല്‍പം ആകാംക്ഷയും അതിലേറെ ചിരിയും നിറഞ്ഞ ഒന്നാം പകുതി. രസിപ്പിക്കുന്ന ഒന്നാം പകുതിയില്‍ നിന്ന് തീര്‍ത്തും നാടകീയമായ രംഗങ്ങളിലേക്ക് രണ്ടാം പകുതി വീണു പോകുന്നുവെന്നത് പ്രേക്ഷകനെ അപായച്ചങ്ങല വലിച്ച് ട്രയിനില്‍ നിന്നും ഇറങ്ങിപോകാന്‍ തോന്നിപ്പിക്കുമെങ്കിലും ഈ അവസരങ്ങളില്‍ ചെമ്പന്‍ വിനോദിന്റെ പ്രകടനം കാഴ്ചക്കാരെ തിയേറ്ററില്‍ പിടിച്ചിരുത്തുന്നുവെന്നതാണ് വാസ്തവം. നവാഗതരായ ജെയ്‌സണ്‍ ആന്റണി, റെജിഷ് ആന്റണി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര’യില്‍ നന്ദുവായി വിനീത് ശ്രീനിവാസനും മാരനായി ചെമ്പന്‍ വിനോദ് ജോസും ബാലഗോപാലനായി ശ്രീജിത്ത് രവിയും ജോണി കുര്യനായി ജോജു ജോര്‍ജും ആണ് എത്തുന്നത്. വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ടെങ്കിലും പ്രേക്ഷകന്റെ മനം കവരുക ജോജുവും ചെമ്പന്‍ വിനോദുമാണ്.

തന്നെ ഏല്‍പ്പിക്കുന്ന വേഷങ്ങളെല്ലാം ഗംഭീരമാക്കുന്ന ചെമ്പന്‍ ഈ സിനിമയിലും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.പ്രേക്ഷകനെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ചതും ചെമ്പന്‍ തന്നെ. പൊലീസുകാരുടെ മാനറിസങ്ങളും ഒപ്പം ചില കുരുത്തക്കേടുകളുമൊക്കെ നല്ല രീതിയില്‍ തന്നെ അഭിനിയിച്ച് പ്രതിഫലിപ്പിച്ച് ജോജുവും മികച്ചു നിന്നു.
അഭിനയിച്ച സിനിമകളൊക്ക വിജയിച്ച നിക്കി ഗല്‍റാണി മോശമാക്കിയില്ല തന്റെ വേഷം. നെടുമുടി വേണു, മണിയന്‍പിള്ള രാജു, സുനില്‍ സുഖദ, ബാലു വര്‍ഗീസ്, ഇന്ദ്രന്‍സ്, പ്രദീപ് , വനിത തുടങ്ങിയവര്‍ വേഷങ്ങള്‍ ചെറുതായിരുന്നെങ്കിലും തങ്ങളുടെ ഭാഗം മികച്ചതാക്കി. ഗോപി സുന്ദറിന്റെ ഗാനങ്ങള്‍ മികച്ചു നിന്നു.ചാന്ദ് വി ക്രിയേഷന്‍സിന്റെ ബാനറില്‍ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍, അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളി നിര്‍വഹിച്ചിരിക്കുന്നു. പ്രേക്ഷകന്‍ തീയേറ്ററില്‍ നിന്നും സിനിമ കണ്ടിറങ്ങുമ്പോള്‍ ഈ സെക്കന്‍ഡ് ക്ലാസ് യാത്ര തീര്‍ത്തും മോശമാകില്ല എന്നു സാരം.