വിവാഹത്തിന് ലഭിച്ച സംഭാവനകള്‍ നിര്‍ദ്ധന രോഗികള്‍ക്കായി നല്‍കി അധ്യാപക കുടുംബം

single-img
12 May 2015

Paliyetiveവിവാഹം ഒരു മംഗളകാര്യമാണ്. അതിനേക്കാള്‍ മംഗളകരമാണ് കഷ്ടതയനുഭവിക്കുന്ന രോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയെന്നുള്ളത്. ഇതുരണ്ടും കൂടി ഒരുമിച്ച് പ്രാവര്‍ത്തികമാക്കിയ സന്തോഷത്തിലാണ് വിജയകുമാരന്‍ നായരും കുടുംബവും.

തങ്ങളുടെ മകന്റെ വിവാഹത്തിന് കിട്ടിയ സംഭാവനകള്‍ ഒരു രൂപപോലും നഷ്ടപ്പെടാതെ രോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയര്‍ യൂണീറ്റിന് കൈമാറി മാതൃകയായിരിക്കുകയാണ് ഈ അധ്യാപക കുടുംബം. മാസങ്ങള്‍ക്ക് മുമ്പ്് ഹെഡ്മാസ്റ്ററായി വിരമിച്ച ചായം വിശാരയില്‍ വിജയകുമാരന്‍നായരും കുടുംബവും തങ്ങളുടെ മകന്റെ വിവാഹത്തിനൊപ്പം ഈ സത്പ്രവര്‍ത്തിയും ചെയ്തത്.

മകന്റെ വിവാഹക്കുറിയില്‍ എല്ലാവരും സംഭാവനകള്‍ ഒഴിവാക്കണമെന്ന് അറിയിച്ചിരുന്നെങ്കിലും അത്രയ്ക്ക് വേണ്ടപ്പെട്ടവര്‍ സ്‌നേഹപൂര്‍വ്വം നല്‍കിയ സംഭാവനകള്‍ നിരസിക്കാന്‍ വിജയകുമാരന്‍ നായര്‍ക്കായില്ല. അങ്ങനെ ലഭിച്ച 20,172രൂപയാണു പാലിയേറ്റീവ് രംഗത്തു വര്‍ഷങ്ങളായി രോഗികള്‍ക്കു സാന്ത്വനമായി മാതൃകാ പ്രവര്‍ത്തനം നടത്തുന്ന നന്ദിയോട് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിനു കൈമാറിയത്.

വിജയകുമാരന്‍ നായരുടെ മകന്‍ രാംജിത്ത് വിവാഹം കഴിച്ചത് നെടുമങ്ങാട് തെക്കുംകര ഉഷമലരിയില്‍ കെ.എസ്. പ്രിയങ്കയെയാണ്. വിവാഹത്തിന്റെ അടുത്ത ദിവസം പാലിയേറ്റീവ് ക്യാംപിലെത്തിയ വിജയകുമാരന്‍ നായരും മകനും മരുമകളം ചേര്‍ന്ന് പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് കെ. ചക്രപാണിക്ക് തുക കൈമാറുകയായിരുന്നു. പാലിയേറ്റീവിലെ ഡോക്ടര്‍മാരടക്കം പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ രോഗികള്‍ക്കും മറ്റുള്ളവര്‍ക്കും മിഠായി വിതരണം നടത്തി സന്തോഷം പങ്കുവച്ചാണു നവദമ്പതികള്‍ തങ്ങളുടെ വിവാഹം ആഘോഷിച്ചത്.