പതിനൊന്നാം മാസത്തില്‍ വീട്ടുകാര്‍ നടത്തിയ ശൈശവവിവാഹം യുവതി വേണ്ടെന്നു വെച്ചു; ഗ്രാമപഞ്ചായത്ത് യുവതിയുടെ കുടുംബത്തിന് 16 ലക്ഷം രൂപ പിഴയിട്ടു

single-img
12 May 2015

santha-deviപതിനൊന്നാം മാസത്തില്‍ വീട്ടുകാര്‍ നടത്തിയ ശൈശവവിവാഹം വേണ്ടെന്നു പറഞ്ഞ യുവതിയ്ക്ക് 16 ലക്ഷം രൂപ പിഴ. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. 19 കാരിയായ ശാന്താദേവിയാണ് വീട്ടുകാര്‍ പതിനൊന്നാം മാസത്തില്‍ നടത്തിയ വിവാഹത്തിനെ എതിർത്തത്. നാട്ടാചാര പ്രകാരം ശാന്താദേവിയെ പതിനൊന്നാം മാസത്തില്‍ ഒമ്പതു വയസ്സിന് മൂത്ത ആൺകുട്ടിയക്കൊണ്ട് വിവാഹം ചെയ്യിച്ചിരുന്നു.വിവാഹത്തിന് ശേഷം അധികം വൈകാതെ ശാന്താദേവിയും കുടുംബവും ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക് മാറി താമസിച്ചു.

ശാന്താദേവി തന്റെ 16ാം വയസ്സിലാണ് വിവാഹത്തെക്കുറിച്ച് അറിയുന്നത്. അന്നു തന്നെ അവര്‍ അതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ബിരുദ വിദ്യാര്‍ഥിനിയായ ശാന്താദേവിക്ക് പറഞ്ഞു വെച്ച യുവാവ് പത്താംതരം പോലും ജയിച്ചിട്ടില്ല. വിദ്യാഭ്യാസമില്ലാത്ത ഒരാളെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് ഗ്രാമപഞ്ചായത്ത് 16 ലക്ഷം രൂപ പിഴയായി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഭര്‍ത്താവിനൊപ്പം തിരികെ ഗ്രാമത്തില്‍ വന്ന് താമസിക്കാത്ത പക്ഷം പിഴ നല്‍കണമെന്നാണ് ശിക്ഷാവിധി.

ഇതിനെതിരെ ഇവര്‍ വനിതാസംഘടനയുമായി ബന്ധപ്പെട്ടു. ഇതോടെയാണ് വാര്‍ത്ത പുറംലോകം അറിയുന്നത്. സംസ്ഥാന സര്‍ക്കാര്‍ ശാന്താദേവിയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. വനിതാസംഘടനയുടെ സഹായത്തോടെ പിഴ ചുമത്തിയ ആള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ശാന്താദേവിയും കുടുംബവും.