മദ്യപിച്ചു ലക്കുകെട്ട് ഓഫിസിലെത്തിയ തഹസില്‍ദാര്‍ അറസ്റ്റില്‍

single-img
6 May 2015

Thahaseeldar

മദ്യപിച്ചു ലക്കുകെട്ട നിലയില്‍ തഹസില്‍ദാരെ ഓഫിസില്‍നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. റെവന്യു റിക്കവറി വിഭാഗം തഹസീല്‍ദാര്‍ കൊല്ലം കരുനാഗപ്പള്ളി മണപ്പള്ളി നോര്‍ത്ത് കുഴിക്കാടുതറയില്‍ ശ്രീകുമാര്‍ (55) ആണു പിടിയിലായത്. പാണഞ്ചേരി പഞ്ചായത്ത് സ്ഥിരം സമിതി തിരഞ്ഞെടുപ്പ് മദ്യലഹരിയിലായിരുന്ന ശ്രീകുമാര്‍ വരണാധികാരിയായി എത്താതിരുന്നതുമൂലം മാറ്റിവെക്കുകയായിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് കലക്ടര്‍ തഹസില്‍ദാര്‍ക്കെതിരെ അച്ചടക്ക നടപടിക്കു ശുപാര്‍ശ ചെയ്തിരിക്കുകയാണ്.

ഇന്നലെ രാവിലെ പത്തോടെ വിജിലന്‍സ് കോടതിക്കു സമീപത്തെ റവന്യു റിക്കവറി ഓഫിസിലാണു സംഭവം. കലക്ടര്‍ എം.എസ്. ജയ പാണഞ്ചേരി പഞ്ചായത്തിലെ സ്ഥിരംസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പിനായി ശ്രീകുമാറിനെയാണു വരണാധികാരിയായി ചുമതലപ്പെടുത്തിയിരുന്നത്. രാവിലെ 11നു നടക്കേണ്ട തിരഞ്ഞെടുപ്പിനു തഹസില്‍ദാരെ കൊണ്ടുവരാന്‍ പഞ്ചായത്ത് ഓഫിസില്‍നിന്നു ജീപ്പ് അയച്ചു. ജീപ്പ് രൈഡവറെത്തുമ്പോള്‍ തഹസീല്‍ദാര്‍ ഓഫിസില്‍ മദ്യപിച്ചു ലക്കുകെട്ട അവസ്ഥയിലായിരുന്നു. ഈ വിവരം പഞ്ചായത്ത് അധികൃതര്‍ മുഖ്യവരണാധികാരിയായ കലക്ടറെ അറിയിക്കുകയായിരുന്നു.

കലക്ടര്‍ നിര്‍മദ്ദശിച്ചതുനുസരിച്ച് ഈസ്റ്റ് എസ്‌ഐ പി. ലാല്‍കുമാര്‍ ഓഫിസിലെത്തുകയും തഹസീല്‍ദാരെ അറസ്റ്റ് ചെയ്ത് ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്കു വിധേയനാക്കുകയുമായിരുന്നു. ആശുപത്രിയില്‍ നിന്നും മദ്യപിച്ചതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതോടെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് തഹസീല്‍ദാരെ ജാമ്യത്തില്‍ വിട്ടു.