ആംഗ്യഭാഷയെ ശബ്ദവും എഴുത്തുമാക്കി മാറ്റുന്ന ഉപകരണവുമായി നാല് പെണ്‍കുട്ടികള്‍

single-img
6 May 2015

Holy Graceസംസാരശേഷിയില്ലാത്തവര്‍ക്ക് ആശ്വാസമായി ജെസ്റ്റര്‍ വോക്കലൈസര്‍ എത്തുന്നു. മാള ഹോളി ഗ്രേസ് എന്‍ജിനീയറിംഗ് കോളജിലെ അവസാനവര്‍ഷ ബിടെക് ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളായ എസ്. ദീപ്തി, ഡെല്‍ന ഡോമിനി, മിനു വര്‍ഗീസ്, നിമ്യ വര്‍ഗീസ് എന്നിവരാണ് ഈ രംഗത്ത് വിപ്ലവം തീര്‍ക്കാനുതകുന്ന തരത്തില്‍ പുതിയ കണ്ടുപിടിത്തവുമായി രംഗത്തു വന്നിട്ടുള്ളത്.

സംസാരശേഷയില്ലാത്തവരുടെ ആശയവിനിമയ മാര്‍ഗമായ ആംഗ്യഭാഷയെ അന്ധര്‍ക്കും ബധിരര്‍ക്കുമുതകുന്ന തരത്തില്‍ വായ്‌മൊഴിയിലേക്കും വിഷ്വല്‍ രൂപത്തിലേക്കും മാറ്റാനാകുന്ന ജെസ്റ്റര്‍ വോക്കലൈസര്‍ എന്ന ഉപകരണത്തിന്റെ കണ്ടുപിടുത്തം വാര്‍ത്താപ്രാധാന്യം നേടിക്കഴിഞ്ഞു. ഈ ഉപകരണമടങ്ങിയ സെന്‍സറുകള്‍ ഘടിപ്പിച്ച ഗ്ലൗസുകള്‍ ധരിച്ചു ആംഗ്യഭാഷയില്‍ ആശയവിനിമയം നടത്തുമ്പോള്‍ റിക്കോര്‍ഡ് ചെയ്ത മെസേജുകള്‍ ശബ്ദമായും കാഴ്ചയായും മറ്റുള്ളവരിലേക്ക് എത്തുന്ന രീതിയിലാണ് ഇതിന്റെ സാങ്കേതിക വിദ്യ തയ്യാറായിരിക്കുന്നത്.

അന്ധര്‍ക്കും ബധിരര്‍ക്കും മൂകര്‍ക്കും സഹായകരമാകുന്ന യന്ത്രം കുറഞ്ഞ ബാറ്ററി ചാര്‍ജിലും പ്രവര്‍ത്തിപ്പിക്കാമെന്നതിനാല്‍ യാത്രയിലും ഉപകാരപ്രദമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. മാത്രമല്ല യന്ത്രത്തിന്റെ പ്രവര്‍ത്തനവും ലളിതമാണ്. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുകയാണെങ്കില്‍ അയ്യായിരം രൂപയില്‍ താഴെയാണ് നിര്‍മാണച്ചെലവെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു.