അമേരിക്കയുടെ പാട്രിയോട്ടിക് മിസൈലിന്റെ പതിന്മടങ്ങ് പ്രഹരശേഷിയുള്ള ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിച്ച് ഒരേസമയം 64 ലക്ഷ്യങ്ങള്‍ നിര്‍ണ്ണയിക്കാന്‍ കഴിയുന്ന ആകാശ് മിസൈല്‍ ഇനി ഇന്ത്യന്‍ സൈന്യത്തിന്റെ അഭിമാനം

single-img
6 May 2015

missile

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അമേരിക്കയുടെ പാട്രിയോട്ടിക് മിസൈല്‍ സംവിധാനത്തേക്കാള്‍ പ്രഹരശേഷിയുള്ള ഭൂതലവ്യോമ മിസൈല്‍ സംവിധാനം ‘ആകാശ്’ ഇനി കരസേനയ്ക്ക് കരുത്താകും. 25 കിലോമീറ്റര്‍ പരിധിയില്‍ വരുന്ന ഹെലികോപ്റ്ററുകള്‍, വിമാനങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ ഒരേസമയം 64 ലക്ഷ്യങ്ങള്‍ നിര്‍ണയിക്കുന്ന ഈ സൂപ്പര്‍സോണിക് (ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന) മിസൈല്‍ സംവിധാനത്തിനാകും.

ആണവായുധങ്ങള്‍ വഹിക്കാന്‍ കഴിയുന്ന ആകാശിന് ഒരേസമയം ഒന്നിലേറെ ലക്ഷ്യങ്ങള്‍ ആക്രമിക്കാനാകും. യുദ്ധവിമാനങ്ങള്‍, ക്രൂയിസ് മിസൈല്‍, ഭൂതലവ്യോമ മിസൈല്‍ എന്നിവയെ പ്രതിരോധിക്കാന്‍ കഴിയുന്ന ആകാശ് പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒന്നാണ്.

വ്യോമസേനയ്ക്ക് ആകാശ് മിസൈല്‍ സംവിധാനം സ്വന്തമായുണ്ടെങ്കിലും ഇതില്‍നിന്ന് ഒട്ടേറെ മാറ്റംവരുത്തിയ യൂണിറ്റാണ് കരസേനയ്ക്ക് ലഭിക്കുന്നത്. ഈ മിസൈല്‍ സംവിധാനം വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകാന്‍ കഴിയുന്നതും ഒരുസ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റാന്‍ സാധിക്കുന്നതുമാണെന്ന് ഡി.ആര്‍.ഡി.ഒ. പ്രോജക്ട് ഡയറക്ടര്‍ ജി. ചന്ദ്രമൗലി പറഞ്ഞു. 1984ലാണ് ആകാശ് സംവിധാനത്തിന്റെ രൂപകല്‍പ്പന ഡി.ആര്‍.ഡി.ഒ. ആരംഭിച്ചതെങ്കിലും പലകാരണങ്ങളാല്‍ പദ്ധതി വര്‍ഷങ്ങളോളം നീണ്ടുപോകുകയായിരുന്നു.

ഇന്ത്യ പ്രതിരോധരംഗത്ത് സ്വയംപര്യാപ്തതയാകുന്നതിന്റെ നാഴികക്കല്ലാണ് ആകാശെന്ന് കരസേനാ മേധാവി ദല്‍ബീര്‍ സിങ് സുഹാഗ് പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ പറഞ്ഞു. അടുത്തവര്‍ഷം ജൂലായില്‍ ഈ മിസൈല്‍ സംവിധാനം സജ്ജമാകുമെന്നും അദ്ദേഹം അറിയിച്ചു.