വാഹനാപകടക്കേസില്‍; സൽമാൻ ഖാന് അഞ്ചുവർഷത്തെ തടവ്

single-img
6 May 2015

Salman-Khanമുംബൈ: 2002ലെ വാഹന അപകട കേസിൽ സിനിമാ താരം സൽമാൻ ഖാന് അഞ്ചുവർഷം തടവിന് വിധിച്ചു.  മുംബൈ സെഷന്‍സ് കോടതിയാണ്  കേസിൽ വിധി പറഞ്ഞത്. സൽമാന് ജാമ്യം ഉടൻ ലഭിക്കാൻ സാധ്യതയില്ല. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കണം. സൽമാൻ ഖാൻ കുറ്റക്കാരനാണെന്ന് കോടതി രാവിലെ കണ്ടെത്തിയിരുന്നു.

എന്തെങ്കിലും പറയാനുണ്ടോ എന്ന് സൽമാനോട് ജഡ്ജി ചോദിച്ചപ്പോൾ താങ്കളാണ് ന്യായാധിപൻ, എന്തുപറഞ്ഞാലും അംഗീകരിക്കുമെന്നായിരുന്നു സൽമാന്റെ മറുപടി. സൽമാൻ ഖാന് രണ്ടു വർഷത്തിൽ കൂടുതൽ ശിക്ഷ നൽകരുതെന്ന് അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കോടതി ആവശ്യപ്പെടുന്ന നഷ്ടപരിഹാര തുക നൽകാമെന്നും ഇതുവരെ 19 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നും സൽമാനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.

പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് സല്‍മാനെതിരെ ചുമത്തിയിരിക്കുന്നത്. ശിക്ഷാ പ്രഖ്യാപനം നാളെയുണ്ടാകും. ശിക്ഷ പ്രഖ്യാപിക്കുന്നത് വരെ സല്‍മാനെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് നിര്‍ദേശിച്ചു. സല്‍മാന്‍ ഖാന്റെ വാഹനമിടിച്ച് വഴിയരികില്‍ ഉറങ്ങിക്കിടന്നയാള്‍ മരിച്ചുവെന്നാണ് കേസ്.  മദ്യപിച്ച സല്‍മാന്‍ തന്നെയാണ് വാഹനമോടിച്ചതെന്ന് കോടതി പറഞ്ഞു. സല്‍മാനെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്നും കോടതി പറഞ്ഞു.

മനപൂര്‍വ്വമല്ലാത്ത നരഹത്യ, അപകടകരമായ ഡ്രൈവിങ്ങ് തുടങ്ങിയ കുറ്റങ്ങളാണ് സല്‍മാനെതിരെ ചുമത്തിയിരിക്കുന്നത്. മദ്യലഹരിയില്‍ സല്‍മാന്‍ വാഹനമോടിച്ചതാണ് അപകടകാരണമെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. സല്‍മാനെതിരായ തെളിവുകള്‍ ശക്തമാണെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. സംഭവശേഷം പൊലീസിനെ അറിയിക്കാതെ സല്‍മാന്‍ സ്ഥലത്ത് നിന്നും ഒളിച്ചോടിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.

എന്നാല്‍ സംഭവശേഷം 15 മിനിറ്റോളം താന്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് സല്‍മാന്റെ വാദം. രണ്ടാഴ്ച മുന്‍പാണ്  അന്തിമ വാദം പൂര്‍ത്തിയാക്കിയത്. കശ്മീരില്‍ സിനിമ ഷൂട്ടിങിലായിരുന്ന സല്‍മാന്‍ ഖാന്‍ വിധി കേള്‍ക്കാന്‍ മുംബൈയിലെത്തിയിരുന്നു. നടന്റെ അംഗരക്ഷകനും പോലീസുകാരനുമായിരുന്ന രവീന്ദ്ര പാട്ടീലിന്റെ മൊഴി കേസില്‍ നിര്‍ണായകമായത്. സല്‍മാന്റെ വാഹനമിടിക്കുമ്പോള്‍ നടനൊപ്പം ആ വാഹനത്തില്‍ രവീന്ദ്ര പാട്ടീലും ഉണ്ടായിരുന്നു.

സല്‍മാന്‍ മദ്യപിച്ചിരുന്നുവെന്നും അപകടം നടക്കുമ്പോള്‍ സല്‍മാന്‍ തന്നെയാണ് വാഹനമോടിച്ചിരുന്നതെന്നുമാണ് രവീന്ദ്ര പാട്ടീല്‍ നല്‍കിയ മൊഴി. കാറിന്റെ വേഗത കുറക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ മുന്നറിയിപ്പ് സല്‍മാന്‍ കേട്ടില്ലെന്നുമായിരുന്നു രവീന്ദ്ര പാട്ടീലിന്റെ മൊഴി. കേസില്‍ സല്‍മാന്‍ ഖാന്‍ ശിക്ഷിക്കപ്പെട്ടത് അത് ബോളിവുഡിന് കനത്ത ആഘാതമാണ് നല്‍കിയിരിക്കുന്നത്.

200 കോടി രൂപയുടെ ചിത്രങ്ങളാണ് സല്ലുവിനെ ആശ്രയിച്ച് ബോളിവുഡില്‍ ഒരുങ്ങുന്നത്. സോനം കപൂറിനൊപ്പമുള്ള പ്രേം രത്തന്‍ ധ്യാന്‍ പായോ, കരീന കപൂറിനൊപ്പമുള്ള ബംജ്‌റംഗീ ബാജിയാന്‍ എന്നിവയുടെ ചിത്രീകരണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. സല്‍മാന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ ഈ സിനിമകളുടെ ചിത്രീകരണം തടസ്സപ്പെടും.