സല്‍മാന്‍ ഖാന്റെ വാഹനഅപകട കേസില്‍ വിധി ബുധനാഴ്ച

single-img
6 May 2015

salmanമുംബൈ: മദ്യ ലഹരിയിൽ നടന്‍ സല്‍മാന്‍ ഖാന്റെ വാഹനം ഇടിച്ച് ഒരാള്‍ മരിച്ച കേസില്‍ മുംബൈ സെഷന്‍സ് കോടതി ബുധനാഴ്ച വിധി പറയും. നേരത്തെ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന അതി വേഗത്തില്‍ വാഹനമോടിച്ചു എന്ന കേസായിരുന്നു സല്‍മാനെതിരെ എടുത്തിരുന്നത്. പിന്നീട് പത്തു വര്‍ഷംവരെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള മനപ്പൂര്‍വമല്ലാത്ത നരഹത്യകൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

പോലീസുകാരനും നടന്റെ അംഗരക്ഷകനുമായിരുന്ന രവീന്ദ്ര പാട്ടീലിന്റെ മൊഴി കേസില്‍ നിര്‍ണായകമാകും. കേസില്‍ പല സാക്ഷികളും കൂറുമാറിയെങ്കിലും രവീന്ദ്ര പാട്ടീലിന്റെ മൊഴി സൽമാനെതിരെയുള്ള ഏറ്റവും പ്രധാന തെളിവാകുമെന്നാണ് പ്രോസിക്യൂഷന്‍ വിഭാഗം പറയുന്നു. സല്‍മാന്റെ വാഹനമിടിക്കുമ്പോള്‍ നടനൊപ്പം ആ വാഹനത്തില്‍ രവീന്ദ്ര പാട്ടീലും ഉണ്ടായിരുന്നു. ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തതും ഈ പോലീസ് കോണ്‍സ്റ്റബിളാണ്.

കേസിന്റെ വാദം നടക്കുന്നതിനിടയില്‍ ക്ഷയരോഗം പിടിപെട്ടാണ് അദ്ദേഹം മരിച്ചിരുന്നു. അതിന് മുമ്പ് രവീന്ദ്ര പാട്ടീല്‍ മജിസ്‌ട്രേട്ടിന് മൊഴി നല്‍കിയിരുന്നു.അന്തരിച്ച പോലീസുകാരന്റെ മൊഴി കേസില്‍ ഉള്‍പ്പെടുത്തരുതെന്ന് നേരത്തെ സല്‍മാന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ കോടതി ഇത് തള്ളി.

കൂടാതെ സല്‍മാന്‍െറ രക്ത പരിശോധന നടത്തിയതില്‍ 0.062 ശതമാനം ആല്‍ക്കഹോളിന്‍െറ അംശം കണ്ടത്തെിയതായി മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു. ഇത് അനുവദനീയമായതിലും ഇരട്ടിയാണെന്നും പറയുന്നു. 2002 സപ്തംബര്‍ 28-ന് സല്‍മാന്‍ ഖാന്റെ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ കാര്‍ ബാന്ദ്രയിലെ അമേരിക്കന്‍ എക്‌സ്പ്രസ്സ് ബേക്കറിയുടെ മുന്നിലുള്ള നടപ്പാതയിലേക്ക് നിയന്ത്രണം വിട്ട് ഓടിക്കയറുകയായിരുന്നു. നടപ്പാതയില്‍ ഉറങ്ങിക്കിടന്നിരുന്നവരില്‍ ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു.