ഇവര്‍ പ്രകൃതിയുടെ കൂട്ടുകാര്‍

single-img
5 May 2015

Monichan

പുല്‍മേടുകളുടെ ഹരിതാഭ പ്രതീക്ഷിച്ചാണ് ഇടുക്കിയില്‍ നിന്നും ആ സുഹൃത്തുക്കള്‍ കണ്ണൂരിലെ പൈതല്‍മലയിലെത്തിയത്. പക്ഷേ അവരെ അവിടെ സ്വീകരിച്ചത് പ്രകൃതി ഭംഗിയോ ഹരിതാഭയോ ഒന്നുമായിരുന്നില്ല. പൈതല്‍മലയുടെ സൗന്ദര്യം മൂടുന്ന രീതിയില്‍ കിടക്കുന്ന ചിതറിക്കിടക്കുന്ന മാലിന്യങ്ങളായിരുന്നു. മൗണ്ടന്‍ റൈഡേര്‍സ്സ് വീ ഫോര്‍ നേച്ചര്‍ എന്ന സംഘടനയിലെ അംഗങ്ങളായ ആ കൂട്ടുകാര്‍ പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ഈ ജീവിതം നമുക്കു തന്ന പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് തിരിച്ചറിഞ്ഞ അവര്‍ മറ്റെല്ലാം മറന്ന് ചാക്കുകള്‍ വരുത്തി അതില്‍ മാലിന്യം ശേഖരിക്കുകയായിരുന്നു. ചാക്കുകണക്കിന് മാലിന്യങ്ങളുമായാണ് അവര്‍ തങ്ങളുടെ ഉത്തരവാദിത്വം നിര്‍വ്വഹിച്ച് മഴനനഞ്ഞ് മലയിറങ്ങിയത്.

സമൂഹത്തിന്റെ വിവിധ മേഘലകളില്‍ ജോലിചെയ്യുന്ന മോനിച്ചന്‍, റിയാസ് റഷീദ് റാവുത്തര്‍, സുരേഷ് രവി, ഷാഫി അബ്ദുള്‍കരീം, പ്രശാന്ത് കെ.എസ്, ഷിജു, ആന്റണി എന്നിവരായിരുന്നു ആ ചങ്ങാതിമാര്‍. ഫേസ്ബുക്കിലൂടെയാണ് ഇവരുടെ ചങ്ങാത്തം വളര്‍ന്നതും തളിര്‍ത്തതും. കുറഞ്ഞ ചിലവില്‍ യാത്രകള്‍ സംഘടിപ്പിക്കുക, സ്‌കൂള്‍ കോളേജ് കുട്ടികള്‍ക്കായി നേച്ചര്‍ ഫോട്ടോഗ്രഫി പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക, ജനങ്ങള്‍ക്കിടയില്‍ ഒരു പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ മൗണ്ടന്‍ റൈഡേര്‍സ്സ് വീ ഫോര്‍ നേച്ചര്‍ എന്ന ഗ്രൂപ്പുണ്ടാക്കി അതില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ഇവര്‍. അഡ്വെഞ്ചര്‍ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയുള്ള കാര്യങ്ങള്‍ പഠിക്കാനായിരുന്നു ഈ പൈതല്‍മല ട്രെക്കിംഗ് കൊണ്ട് അവര്‍ ഉദ്ദേശിച്ചത്. എന്നാല്‍ പ്രകൃതിയെ കാര്‍ന്നു തിന്നുന്ന പ്ലാസ്റ്റിക് അനുബന്ധമാലിന്യങ്ങളുടെ കൂട്ടമാണ് അവരെ അവിടെ കാത്തിരുന്നത്.

ഇതിനു മുന്‍പ് ചൊക്രമുടിയില്‍ ഇത്തരത്തിലുള്ള മാലിന്യങ്ങള്‍ പെറുക്കിക്കൂട്ടി ഈ കൂട്ടുകാര്‍ മാതൃകയായിരുന്നു. അതിന്റെയൊരു പ്രതിഫലനമാണ് ഇന്ന് ചൊക്രമുടിയില്‍ മാലിന്യ നിക്ഷേപം കുറഞ്ഞിട്ടുള്ളതും സന്ദര്‍ശകരായി എത്തുന്നവര്‍ മാലിന്യ ശേഖരണം നടത്താന്‍ ഉത്സാഹം കാണിക്കുന്നതും.

പൈതല്‍ മലയുടെ താഴ് വരയില്‍ താമസ്സിക്കുന്ന ഭൂരിഭാഗം ജനങ്ങളുടേയും കുടിവേള്ളം ലഭ്യമാക്കുന്നത് പൈതലിലെ ചോലക്കാടും പുല്‍മേടുമാണ്. അവിടെ കൂടിക്കിടന്ന മാലിന്യങ്ങളാണ് മഴയും അട്ടകളുടെ ആക്രമണവും വകവെയ്ക്കാതെ അവര്‍ പെറുക്കിയെടുത്തത്. ഒടുവില്‍ ശേഖരിച്ച മാലിന്യങ്ങളുമായി അവര്‍ മലയിറങ്ങിവെന്നപ്പോള്‍ അവശര സ്വീകരിക്കാന്‍ വനപാലകരുമുണ്ടായിരുന്നു. മാലിന്യങ്ങള്‍ വേണ്ടരീതിയില്‍ സംസ്‌കരിച്ചോളാം എന്ന് വനംവകുപ്പിന്റെ വാച്ചര്‍ ഉറപ്പ് നല്‍കിയതിന്റെ പേരിലാണ് അവര്‍ ആ ചാക്കുകെട്ടുകള്‍ അവിടെ ഏല്‍പ്പിച്ചതും.