ഇന്ന് മെയ് 3: ലോക മാധ്യമ സ്വാതന്ത്ര്യദിനം

single-img
3 May 2015

11187582_10206655295244413_1684250794_oഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം. ആവിഷ്‌കാര സ്വാതന്ത്ര്യം അതിന്റെ മൂര്‍ത്തരൂപം പ്രാപിച്ച സമയമാണിത്. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ഒളിവിന്റേയോ മറവിന്റേയോ യാതൊരു തടസ്സങ്ങളുമില്ലാതെ അനുനിമിഷം വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കൊണ്ടിരിക്കുന്ന സമയം. പക്ഷേ ഒരു വിരല്‍ ഞൊടിയില്‍ വിടരുന്ന വാര്‍ത്തകള്‍, പ്രത്യക്ഷമായിട്ടല്ലെങ്കില്‍ കൂടി വ്യക്തിസ്വാതന്ത്രം ഹനിക്കുന്ന കാലമാണിതെന്നും ചിലര്‍ വിലയിരുത്തുന്നുണ്ട്. എന്നിരുന്നാലും വിവരസാങ്കേതിക വിദ്യയുടെ ഉന്നതങ്ങള്‍ ഇന്ന് വാര്‍ത്തകളെന്ന പ്രതിഭാസത്തിന് സഹായകരമാകുമ്പോള്‍ അറിയാനുള്ള മനുഷ്യന്റെ ആഗ്രഹത്തിന് പരിധികളില്ലെന്ന് കൂടി നിര്‍വ്വചിക്കപ്പെടുകയാണ്.

മനുഷ്യരാശിയുടെ പുരോഗതിക്കും ജനാധിപത്യത്തിന്റെ നിലനില്‍പ്പിനും സ്വതന്ത്രമായ മാധ്യമങ്ങളുടെ ആവശ്യം ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള 1991ലെ വിന്‍ഡ് ഹോക്ക് പ്രഖ്യാപനത്തിലൂടെയാണ് ലോക മാധ്യമ സ്വതന്ത്ര്യ ദിനാചരണം ആരംഭിക്കുന്നത്. അറിയാനും അറിയിക്കാനുമുള്ള മനുഷ്യന്റെ അടിസ്ഥാനപരമായ അഭിനിംവശം നിലനില്‍ക്കുന്നിടത്തോളം കാലം മാധ്യമസ്വാതന്ത്ര്യഎത്തിന് അതിന്റേതായ നിലനില്‍പ്പും പ്രസ്‌കതിയുണ്ടാകുമെന്നുള്ള കാര്യം തീര്‍ച്ചയാണ്.

എന്നിരുന്നാലും അഭിപ്രായസ്വാതന്ത്ര്യമെന്ന അവകാശത്തിനെ മെരുക്കാന്‍ പലയിടങ്ങളില്‍ നിന്നും കൂട്ടായ ആക്രമണം നടത്തുന്ന ശക്തികള്‍ക്ക് മുന്നില്‍ ചെറുത്ത് നില്‍പ്പിന്റെ ഒരു കോട്ടതന്നെ നാം കെട്ടേണ്ടിയിരിക്കുന്നു. പൊത്തിപ്പിടിച്ച ചെവിയും മൂടിയ കണ്ണുകളും നിശബ്ദമാക്കപ്പെട്ട ശബ്ദവുമായി, പരിധികളില്ലാത്ത മുനുഷ്യാവകാശ ധ്വംസനങ്ങള്‍ നടക്കുന്ന ഈ ലോകത്ത് അടിച്ചമര്‍ത്തപ്പെട്ടവരായല്ല നാം ജീവിക്കേണ്ടത്. പകരം മതത്തിനും രാഷ്ട്രീയത്തിനും ജാതികള്‍ക്കും അതീതമായി ജനാധിപത്യത്തിന്റെ നാലാം തൂണിന്റെ അവകാശികളായാണ്.

മാധ്യമ സ്വാതന്ത്ര്യവും വ്യക്തി സ്വാതന്ത്ര്യവും രണ്ടല്ല. ഓരോ വ്യക്തികള്‍ക്കുള്ളിലും മറഞ്ഞുകിടക്കുന്ന പ്രബദ്ധതയുടെ അടയാളത്തെ ജ്വലിപ്പിക്കേണ്ടത് അവന്റെ തന്നെ ആവശ്യമാണ്, അവകാശമാണ്. പക്ഷേ, മാധ്യമ സ്വാതന്ത്രം പരിപൂര്‍ണമായ അര്‍ത്ഥത്തില്‍ നടപ്പാകുമ്പോള്‍ മാധ്യമങ്ങളെ വിശ്വാസത്തിലെടുക്കാതെ ജനസമൂഹമാകും ഇവിടെയുണ്ടാകുക എന്നുള്ളത് മുന്നില്‍ക്കണ്ട് സത്യം സത്യത്തിന്റെ പാതയില്‍ തന്നെ ചരിക്കണമെന്നുള്ളതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്.