നിയമം പാലിക്കാത്ത ഹൈക്കോടതികള്‍ പിന്നെയെങ്ങനെ ജനങ്ങളെ കുറ്റപ്പെടുത്തും?- സുപ്രീംകോടതി

single-img
3 May 2015

supreme courtന്യൂഡല്‍ഹി:  നിയമം പാലിക്കാത്ത ഹൈക്കോടതികള്‍ പിന്നെയെങ്ങനെ ജനങ്ങളെ കുറ്റപ്പെടുത്തുമെന്ന് സുപ്രീംകോടതി.  നിയമം പാലിക്കുന്നതില്‍ ഹൈക്കോടതികള്‍ തന്നെ വീഴ്ച്ച വരുത്തുമ്പോള്‍, കോടതി ഉത്തരവുകളും നിര്‍ദേശങ്ങളും സാധാരണക്കാരന്‍ പാലിക്കുമോ എന്നും സുപ്രീംകോടതി ചോദിച്ചു. ഹൈക്കോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തണമെന്ന സുപ്രീംകോടതി നിര്‍ദേശം കര്‍ണാടക ഹൈക്കോടതി ഇതുവരെ അനുസരിക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ പരാമര്‍ശം.

രാജ്യത്തെമ്പാടുമുള്ള കോടതികളിലായുള്ള 2000ത്തോളം ഒഴിവുകളിലേക്ക് പുതുതായി ജഡ്ജിമാരെ നിയമിക്കണമെന്ന് നേരത്തെ കോടതി ഹൈക്കോടികളോടും സംസ്ഥാന സര്‍ക്കാരുകളോടും നിര്‍ദേശിച്ചിരുന്നു. രാജ്യത്തെ കീഴ് കോടതികളില്‍ 3 കോടി കേസുകള്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ കെട്ടികെടുക്കുന്ന സാഹചര്യത്തിലായിരുന്നു കോടതി നിര്‍ദേശം. കോടതി നിര്‍ദേശത്തിനെതിരാണ് ഹൈക്കോടതിയുടെ സമീപനമെന്ന് ചീഫ് ജസ്റ്റീസ് എച്ച് എല്‍ ദത്തു അടങ്ങുന്ന സുപ്രീംകോടതി ബഞ്ച് പറഞ്ഞു. ജഡ്ജിമാരെ നിയമിക്കുന്നതില്‍ ഹൈക്കോടതി സ്വീകരിച്ചിരിക്കുന്ന ഒച്ചിഴയുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

സുപ്രീംകോടതി ഉത്തരവ് ഉടന്‍ നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ ഹൈക്കോടതി സ്വീകരിക്കണം.  വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് എത്രയും വേഗത്തില്‍ സത്യവാങ്മൂലം നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സത്യവാങ്മൂലം നല്‍കിയില്ലെങ്കില്‍ ബന്ധപ്പെട്ട അധികാരികള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും സുപ്രീംകോടതി നല്‍കിയിട്ടുണ്ട്.