മോദി സർക്കാരിന്റെ റിയല്‍ എസ്‌റ്റേറ്റ്‌ റെഗുലേറ്ററി അഥോറിറ്റി ബില്ല് വന്‍കിട കെട്ടിട നിര്‍മ്മാതാക്കളെ സഹായിക്കുന്നതിന്- രാഹുല്‍ ഗാന്ധി

single-img
3 May 2015

RAHUL-GANDHIമുംബൈ: റിയല്‍ എസ്‌റ്റേറ്റ്‌ റെഗുലേറ്ററി അഥോറിറ്റി ബില്ല് വന്‍കിട കെട്ടിട നിര്‍മ്മാതാക്കളെ സഹായിക്കുന്നതിന് ഉള്ളതാണെന്ന്  കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ന്യൂഡല്‍ഹിയില്‍ ഫ്‌ളാറ്റിനു പണം നല്‍കിയശേഷം കബളിപ്പിക്കപ്പെട്ടവരുമായി സംസാരിക്കവേയാണ്‌ രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചത്. നിര്‍മ്മാണ കുത്തകകള്‍ക്ക്‌ അനുകൂലമായാണ്‌ കേന്ദ്രത്തിന്റെ നിലപാടുകള്‍.

ഫ്‌ളാറ്റ്‌ ലഭിക്കുന്നതിനു പണം നല്‍കി വഞ്ചിക്കപ്പെട്ടവര്‍ക്ക്‌ അവര്‍ നല്‍കിയ പണമെങ്കിലും തിരികെ ലഭിക്കാതിരുന്നത്‌ നിര്‍ദ്ദിഷ്‌ട നിയമത്തില്‍ കേന്ദ്രം വെള്ളം ചേര്‍ത്തതുകൊണ്ടാണ്‌. സാധാരണക്കാര്‍ക്ക്‌ സംരക്ഷണമേകേണ്ട നിയമം ഏതുവിധത്തില്‍ വന്‍കിടക്കാരെ തുണയ്‌ക്കുന്നുവെന്നതിന്റെ ഉദാഹരണമാണ്‌ റിയല്‍ എസ്‌റ്റേറ്റ്‌ റെഗുലേറ്ററി അഥോറിറ്റി ബില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി.

റിയല്‍ എസ്‌റ്റേറ്റ്‌ സംഘങ്ങളെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട്‌ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിന്റെ ഉദ്ദേശശുദ്ധി തന്നെ തകര്‍ക്കുകയാണ്‌ മോഡി സര്‍ക്കാരിന്റെ ലക്ഷ്യം. സുതാര്യതയില്ലായ്‌മയാണ്‌ പുതിയ ബില്ലിന്റെ മുഖമുദ്രയെന്നും രാഹുല്‍ ആക്ഷേപിച്ചു.