ഇനി കണ്ടു സംസാരിക്കാം; ഫേസ്ബുക്ക് മെസഞ്ചറില്‍ വീഡിയോ കോളിങ് സൗകര്യം ഉള്‍‌പ്പെടുത്തി

single-img
28 April 2015

Facebook-Messenger-Videoഫേസ്ബുക്ക് മെസഞ്ചറില്‍ വീഡിയോ കോളിങ് സൗകര്യം ഉള്‍‌പ്പെടുത്തി. ആന്‍ഡ്രോയ്ഡ് ഐഒഎസ് ഫോണുകളില്‍ ഈ ഫീച്ചര്‍ ഇന്നുമുതല്‍ ലഭ്യമാകും. ഫേസ്ബുക്ക് കഴിഞ്ഞ ദിവസം ബ്‌ളോഗ് പോസ്റ്റിലൂടെയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്ന വിവരം അറിയിച്ചത്. മെസേജ് ചാറ്റ് ചെയ്ത് കൊണ്ടിരിക്കെ തന്നെ ചാറ്റ് ഫ്രണ്ടിനെ കണ്ട് സംസാരിക്കണമെന്ന് തോന്നിയാല്‍ മെസഞ്ചറിലെ വലത് വശത്തെ വീഡിയോ ഐകണ്‍  ക്ലിക്ക് ചെയ്ത് ഉടനെ തന്നെ വീഡിയോ കാളിലേക്ക് മാറാം.മെസഞ്ചറില്‍ ഫേസ്‍ബുക് ഏറ്റവും പുതിയതായി ഉള്‍പ്പെടുത്തിയ ഫീച്ചറാണ് ഇത്.

ഗൂഗിള്‍ ഹാങ്ഔട്ട്, സ്‌കൈപ്പ്, വിചാറ്റ്,  എന്നീ ആപ്‌ളിക്കേഷനുകളെ വെല്ലുവിളിക്കാനാണ് ഫേസ്ബുക്കിന്റെ ശ്രമം. മെസഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആന്‍ഡ്രോയ്ഡ് ഫോണില്‍നിന്ന് ഐ ഫോണിലേക്കും വീഡിയോ കോളിങ് നടത്താം. ക്രൊയേഷ്യ,ഡന്‍മാര്‍ക്ക്, ഫ്രാന്‍സ്, ഗ്രീസ്, ഐര്‍ലന്‍ഡ്, ബെല്‍ജിയം, ക്യാനഡ,  ലാവോസ്, ലിത്വാനിയ, മെക്‌സിക്കോ, നൈജീരിയ, ഒമാന്‍, പോളണ്ട്, പോര്‍ചുഗല്‍, യു.കെ, യു.എസ്.എ, നോര്‍വേ,  ഉറുഗ്വെ എന്നീ രാജ്യങ്ങളില്‍ ഈ സേവനം ലഭ്യമാകും.

മറ്റുരാജ്യങ്ങളില്‍ വരുംമാസങ്ങളില്‍ ഈ സേവനം ലഭ്യമാക്കുമെന്ന്  ബ്‌ളോഗ് പോസ്റ്റില്‍ പറഞ്ഞു. 600 മില്ല്യണിലധികം ആളുകള്‍ ഓരോ മാസവും ഫേസ്‍ബുക് പരസ്പരം ആശയ വിനിമയത്തിന് മെസഞ്ചര്‍ ഉപയോഗിക്കുന്നുണ്ട്.