ലോക്കോ പൈലറ്റുമാരുടെ സമരം പിന്‍വലിച്ചു;ട്രെയിന്‍ യാത്രക്കാര്‍ വലഞ്ഞു

single-img
26 April 2015

download (1)എറണാകുളത്ത് ലോക്കോ പൈലറ്റുമാര്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ ട്രെയിന്‍ യാത്രക്കാര്‍ വലഞ്ഞു. മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനുള്ള പരിശോധനയിൽ പ്രതിഷേധിച്ച് ആയിരുന്നു ലോക്കോപൈലറ്റുമാർ മിന്നൽ പണിമുടക്ക് നടത്തിയത് .

മിന്നല്‍ പണിമുടക്ക് തുടങ്ങിയതോടെ മണിക്കൂറുകളോളം എറണാകുളത്ത് നിന്ന് വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ട ട്രെയിനുകള്‍ നിശ്ചലമായി. അഞ്ച് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി. കോട്ടയത്തേക്കും തിരച്ചുമുള്ള പാസഞ്ചറുകളും പാലക്കാട്ടേക്കുള്ള മെമുവും റദ്ദാക്കി. ഗൊരഖ്പൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള രപ്തിസാഗര്‍ എക്‌സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിച്ചു. ഈ ട്രെയിനില്‍ വന്ന യാത്രക്കാരെ നേത്രാവതി എക്‌സ്പ്രസില്‍ തിരുവനന്തപുരത്തെത്തിക്കും.

രാവിലെ 11.30ന് പുറപ്പെടേണ്ട എറണാകുളം-കായംകുളം പാസഞ്ചറിലെ ലോക്കോപൈലറ്റും ആൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറിയുമായ പി.കെ. വർഗീസ് ബ്രത്ത് അനലൈസർ പരിശോധനയ്ക്ക് വിസമ്മതിച്ചുവെന്ന് സൂപ്പർവൈസർമാർ മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയതാണ് മിന്നൽ പണിമുടക്കിന് കാരണമായത്.

അഞ്ച് മണിക്കൂറിന് ശേഷമാണ് പണിമുടക്ക് പിന്‍വലിച്ചത്. ബാംഗ്ലൂരിലേക്കുള്ള ഐലന്‍ഡ് എക്‌സ്പ്രസ് രണ്ടരമണിക്കൂര്‍ വൈകി. ബാംഗ്ലൂര്‍ സൂപ്പര്‍ ഫാസ്റ്റ് രണ്ട് മണിക്കൂര്‍ വൈകി. ഗുവഹാട്ടി എക്‌സ്പ്രസും രണ്ട് മണിക്കൂര്‍ എറണാകുളത്ത് പിടിച്ചിട്ടു.

ജനശതാബ്‌ദി ഉള്‍പ്പെടെയുള്ള എല്ലാ ട്രെയിനുകളും വൈകുമെന്ന്‌ റയില്‍വേ അറിയിച്ചു. വേണാട്‌ എക്‌സപ്രസ്‌, ഹാപ്പ-തിരുനല്‍വേലി എക്‌സ്പ്രസ്‌ തുടങ്ങി എറണാകുളം വഴിപോകുന്ന ട്രെയിനുകളും വൈകും .ഡി.ആര്‍.എമ്മുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ലോക്കോപൈലറ്റുമാര്‍ സമരം പിന്‍വലിച്ചത്. സസ്‌പെന്‍ഡ് ചെയ്തവരെ തിരിച്ചെടുക്കാന്‍ തീരുമാനമായിട്ടുണ്ട്.