ക്രിക്കറ്റ് മത്സരത്തിനിടെ സഹകളിക്കാരനുമായി കൂട്ടിയിടിച്ച് മരിച്ച അങ്കിത് ക്രേഷിയുടെ കുടുംബത്തിന് തന്റെ വാര്‍ഷിക പെന്‍ഷനായ 4,20,000 രൂപ സൗരവ് ഗാംഗുലി നല്‍കി

single-img
25 April 2015

sourav_gangulyസഹകളിക്കാരനുമായി കൂട്ടിയിടിച്ച് പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ മരണപ്പെട്ട മുന്‍ അണ്ടര്‍19 ടീം നായകന്‍ അങ്കിത് കേഷ്രിയുടെ കുടുംബത്തിന് സ്വാന്തനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി എത്തി. അങ്കിത് കേഷ്രിയുടെ കുടുംബത്തിന് തനിക്ക് ലഭിക്കുന്ന വിരമിച്ച കളിക്കാര്‍ക്ക് ബിസിസിഐ നല്‍കുന്ന വാര്‍ഷിക പെന്‍ഷന്‍ തുക നല്‍കാനാണ് ഗാംഗുലിയുടെ തീരുമാനം. ഏകദേശം 4,20,000 രൂപയാണ് വിരമിച്ച ടെസ്റ്റ് കളിക്കാര്‍ക്ക് ബിസിസിഐ ഒരോവര്‍ഷവും നല്‍കുന്നത്.

മാത്രമല്ല ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് കീഴില്‍ പരിക്കേല്‍ക്കുന്ന കളിക്കാരുടെ ചികിത്സക്കായി ഇനിമുതലുളള തന്റെ പെന്‍ഷന്‍ തുക നല്‍കാനാണ് തീരുമാനമെന്നും ഗാംഗുലി അറിയിച്ചു. അങ്കിത് കേഷ്രിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നല്‍കുമെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച്ചയാണ് സംസ്ഥാന നോക്കൗട്ട് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിനിടെ സഹകളിക്കാരനുമായി കൂട്ടിയിടിച്ച് അങ്കിത് കേഷ്രി മരണത്തിന് കീഴടങ്ങിയത്. ഗുരുതര പരിക്കുകളോടെ മൂന്ന് ദിവസം ആശുപത്രിയില്‍ കിടന്നതിന് ശേഷമാണ് താരത്തിന്റെ മരണം.