ഇന്ത്യൻ വംശജൻ വിവേക് മൂര്‍ത്തി യുഎസ് സര്‍ജന്‍ ജനറലായി ചുമതലയേറ്റു

single-img
24 April 2015

Vivek-Murthyവാഷിംഗ്ടണ്‍: ഇന്തോ-അമേരിക്കന്‍ വംശജൻ വിവേക് മൂര്‍ത്തി യുഎസ് സര്‍ജന്‍ ജനറലായി ചുമതലയേറ്റു. യുഎസ് വൈസ് പ്രസിഡന്റ് ജോ ബിഡനാണ് വിവേക് മൂര്‍ത്തിക്ക് സത്യവാചകം ചൊല്ലി കൊടുത്തത്. യുഎസിലെ 19ാമത്തെ സര്‍ജന്‍ ജനറലാണ് വിവേക് മൂര്‍ത്തി. ഒബാമ ഭരണകൂടത്തിന് കീഴില്‍ സേവനം അനുഷ്ടിക്കുന്ന ഇന്ത്യന്‍ വംശജരില്‍ ഉയര്‍ന്ന പദവി വിവേകിന്റേതാണ്. യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സര്‍ജന്‍ ജനറലാണ് കര്‍ണാടക സ്വദേശിയായ വിവേക് മൂര്‍ത്തി.

ഫോര്‍ട്ട് മിയര്‍ മിലിട്ടറി ബേസില്‍ നടന്ന ചടങ്ങില്‍ തന്നെ വിശ്വാസത്തിലെടുത്ത പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് വിവേക് നന്ദി പറഞ്ഞു. യുഎസ് സര്‍ജന്‍ ജനറലായി ജോലി ചെയ്യാന്‍ സാധിച്ചത് തനിക്ക് ലഭിച്ച വലിയ ആദരവും ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം പറഞ്ഞ്.

കര്‍ണാടകയില്‍നിന്ന് 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടിയേറിയതാണ് വിവേകിന്റെ മാതാപിതാക്കള്‍.  ഡോക്ടേഴ്‌സ് ഫോര്‍ അമേരിക്ക, ദ് ബോര്‍ഡ് ഓഫ് ട്രയല്‍ നെറ്റ്‌വര്‍ക്ക്‌സ് തുടങ്ങിയ സംഘടനകളുടെ സഹസ്ഥാപകന്‍ കൂടിയാണ് വിവേക്. ഇന്ത്യയിലും യുഎസിലും എച്ച്‌ഐവി/ എയിഡ്‌സ് ബോധവത്കരണം നടത്തുന്ന എന്‍ജിയോയാണ് ബോര്‍ഡ് ഓഫ് ട്രയല്‍ നെറ്റ്‌വര്‍ക്ക്‌സ്.