സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചു കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി യുവതി ഡ്രൈവറുടെ കരണത്തടിച്ചു

single-img
23 April 2015

slapതിരൂരങ്ങാടി: കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ചു കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി യുവതി ഡ്രൈവറുടെ കരണത്തടിച്ചു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30ന് ദേശീയപാതയില്‍ തലപ്പാറയിലാണു സംഭവം. കോട്ടയത്തുനിന്നു കോഴിക്കോട്ടേക്കു പോകുന്ന ബസിന്റെ ഡ്രൈവര്‍ക്കാണ് അടിയേറ്റത്.

കക്കാട് കഴിഞ്ഞയുടനെ യുവതിയുടെ ആള്‍ട്ടോ കാര്‍ പിന്നിലുണ്ടായിരുന്നു. ഹോണടിച്ചപ്പോള്‍ ഇവര്‍ക്ക് ഓവര്‍ടേക്ക് ചെയ്യാനുള്ള സിഗ്നല്‍ കൊടുക്കുകയും ഓവര്‍ ടേക്ക് ചെയ്യുകയുമുണ്ടായിയെന്ന് ബസ് ഡ്രൈവര്‍ പറയുന്നു. പിന്നീടു ബസ് കാറിനെ ഓവര്‍ ടേക്ക് ചെയ്തു. രണ്ടുതവണ ഇത്തരത്തില്‍ സംഭവിച്ചു.

തലപ്പാറ ജംഗ്ഷനിലെത്തിയപ്പോള്‍ ലൈറ്റിട്ടു വന്ന കാര്‍ ബസിനു മുമ്പിലിട്ടു തടഞ്ഞശേഷം യുവതി മുന്നിലെ ടയറില്‍ ചാടിക്കയറി കോളറിനു പിടിക്കുകയും മുഖത്തടിക്കുകയുമായിരുന്നു. കാര്യമെന്തെന്നു ചോദിച്ചിട്ടും പറയാതെ ചീത്തവിളിക്കുകയും ഷര്‍ട്ട് വലിച്ചുകീറുകയും ചെയ്തു. ഈ സമയം ബസ് സ്റ്റാര്‍ട്ടിംഗിലായിരുന്നു. യുവതിയുടെ പരാക്രമം കണ്ടു നാട്ടുകാര്‍ ഓടിക്കൂടി. തുടർന്ന് ദേശീയ പാതയില്‍ മുക്കാല്‍ മണിക്കൂറോളം ഗതാഗതം മുടങ്ങി.

വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസിനോടും യുവതി കയര്‍ത്തെന്നു നാട്ടുകാര്‍ പറഞ്ഞു. യുവതിയെ സ്റ്റേഷനിലേക്കു കൊണ്ടു പോയതോടെയാണു രംഗം ശാന്തമായത്. പരിക്കേറ്റ ഡ്രൈവര്‍ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. ഡ്രൈവറുടെ പരാതിയില്‍ ചെമ്മാട് കരിപ്പറമ്പ് സ്വദേശിനിയായ യുവതിക്കെതിരേ പോലീസ് കേസെടുത്തു. ഇടതുവശത്തു കൂടെയാണ് ബസ് ഓവര്‍ടേക്ക് ചെയ്തതെന്നാണ് യുവതിയുടെ പക്ഷം.