ഈവര്‍ഷം മുതല്‍ 660 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള വീടുകളുടെ കരം ഒഴിവാക്കി

single-img
23 April 2015

houseതിരുവനന്തപുരം: ഈവര്‍ഷം മുതല്‍ 660 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് കരം ഒഴിവാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൂടാതെ 2000 ചതുരശ്ര അടി വരെ തറ വിസ്തീര്‍ണമുള്ള വീടുകളുടെ കരം വര്‍ധന പിന്‍വലിക്കും. 2000 ചതുരശ്ര അടിയിലധികം വലിപ്പമുള്ള വീടുകളുടെ കരവര്‍ധന 60 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കും. കഴിഞ്ഞ യു.ഡി.എഫ് യോഗത്തിന്‍െറ നിര്‍ദേശപ്രകാരമാണ് നടപടി. ഇതിനായി നിലവിലെ നിയമത്തില്‍ ഭേദഗതി കൊണ്ടുവരും.

വര്‍ധിപ്പിച്ച കരം അടച്ചവര്‍ക്ക് അധികമായി അടച്ചതുക ഭാവിയില്‍ നികുതിയില്‍ കിഴിക്കുമെന്നും ക്രമപ്പെടുത്തിനല്‍കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2013 ഏപ്രില്‍ ഒന്നുമുതലാണ് വീട്ടുകരം സര്‍ക്കാര്‍ തീരുമാനപ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ വര്‍ധിപ്പിച്ചത്. 660 ചതുരശ്ര അടി വരെ തറവിസ്തീര്‍ണമുള്ള വീടുകള്‍ക്ക് കരം ഒഴിവാക്കിയതിന് 2015 ഏപ്രില്‍ ഒന്നുമുതലായിരിക്കും പ്രാബല്യം. പഞ്ചായത്ത്- നഗരസഭാ പരിധികളില്‍ ഇത് ബാധകമായിരിക്കും. എ.എ.വൈ, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ പദ്ധതികളില്‍ നിര്‍മിക്കുന്ന വീടിന്‍െറ വിസ്തൃതി 660 ചതുശ്ര അടിയാണ്. 660 ചതുരശ്ര അടിയില്‍ താഴെയുള്ള എല്ലാവീടുകള്‍ക്കും ഇതിന്‍െറ ഗുണംലഭിക്കും.

150 ശതമാനം വരെ നികുതി പിരിക്കാനായിരുന്നു വകുപ്പിന്‍റെ തീരുമാനമെങ്കിലും ഇപ്പോള്‍ നാലിരട്ടിവരെ നികുതി പിരിക്കുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വര്‍ധിപ്പിച്ച നികുതിയില്‍ ഇരട്ടിയിലധികം തുക വാങ്ങരുതെന്നു നിര്‍ദ്ദേശിച്ചിട്ടും ഇതെങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലെന്നും കെട്ടിട നികുതി വര്‍ധന പിന്‍വലിക്കുന്നതിനു നിയമഭേദഗതി വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കെട്ടിടനികുതി വര്‍ധന വലിയ തിരിച്ചടിയാകുമെന്ന് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ നടപടി. ഇന്നലെ മന്ത്രിമാരായ എം.കെ. മുനീറും മഞ്ഞളാംകുഴി അലിയുമാണ് നിര്‍ദേശം മന്ത്രിസഭയില്‍ സമര്‍പ്പിച്ചത്.