എഎപി റാലിക്കിടെ കര്‍ഷകന്‍റെ ആത്മഹത്യ; കേജ്‌രിവാളിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി

single-img
23 April 2015

Kejariwalദില്ലി: മോദിസര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ എഎപി നടത്തിയ റാലിക്കിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത സംഭവം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി. കര്‍ഷകന്‍ ആത്മഹത്യ ചെയ്തത് അറിഞ്ഞിട്ടും കേജ്‌രിവാളും മുതിര്‍ന്ന എ.എ.പി നേതൃത്വവും ഒരു മണിക്കൂറിലധികം നേരം റാലിയുമായി മുന്നോട്ട് പോയത് ഇതിന്റെ തെളിവാണെന്നും ബിജെപി ആരോപിക്കുന്നു.  രാജ്യത്തെ ജനങ്ങള്‍ ഇത് കാണുന്നുണ്ട്. മനുഷ്യ ജീവനെക്കാള്‍ വലുതാണ് ആം ആദ്മിക്ക് രാഷ്ട്രീയം.

ഇതിന് ഉത്തരം പറയേണ്ടിവരുമെന്നും ബിജെപി വക്താവ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.  എഎപിയുടെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷക റാലിക്കിടെ രാജസ്ഥാനിലെ ദൗസ സ്വദേശിയായ ഗജേന്ദ്രയാണ് അടുത്തുള്ള മരത്തില്‍ കയറി ആത്മഹത്യ ചെയ്തത്. ഇദ്ദേഹം മരത്തില്‍ കയറിയതും ആത്മഹത്യാ ഭീഷണി മുഴക്കിയതും തടഞ്ഞില്ലെന്ന് ആരോപണമുണ്ട്.

കഴുത്തില്‍ കുരുക്കുവീണു മുറുകിയതോടെ ചിലര്‍ മരത്തില്‍ കയറി അദ്ദേഹത്തെ താഴെ ഇറക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസിനെയാണ് ആം ആദ്മി കുറ്റപ്പെടുത്തുന്നത്. പ്രതിഷേധം നടക്കുമ്പോള്‍ ആവശ്യത്തിന് പോലീസ് വിന്യാസമുണ്ടായില്ലെന്ന് അവര്‍ ആരോപിക്കുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.