പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലെ വീഴ്ച; കമ്മീഷനില്‍ നിന്നു പണം തിരിച്ചുപിടിക്കാന്‍ ശുപാര്‍ശ

single-img
22 April 2015

policecapതിരുവനന്തപുരം: പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലെ വീഴ്ച ആരോപിച്ച് ഏകാംഗ കമ്മീഷനില്‍നിന്നു പണം തിരിച്ചുപിടിക്കാന്‍ ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ. പൊലീസ് സേനയില്‍ നടപ്പാക്കേണ്ട പരിഷ്‌കരണങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മുന്‍ ഡിജിപി പ്രേംശങ്കറില്‍ നിന്നു നിശ്ചിത കാലാവധിക്കു ശേഷം കൈപ്പറ്റിയ ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചുവാങ്ങാനാണ് ആഭ്യന്തര അഡിഷനല്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയത്.

2012 ഓഗസ്റ്റ് 24നു നിയോഗിച്ച കമ്മിഷനോട് ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. പിന്നീട് അതു മൂന്നുമാസം കൂടി നീട്ടി. ഇതിനിടെ പ്രേംശങ്കര്‍ സര്‍വീസില്‍ നിന്നു വിരമിച്ചു. അതിനു ശേഷവും മൂന്നുമാസം കൂടി ഡിജിപി റാങ്കിലെ ശമ്പളവും ആനുകൂല്യങ്ങളും കമ്മിഷന്‍ കൈപ്പറ്റി.  അതിനിടെ റിപ്പോര്‍ട്ട് ഉടന്‍ കൈമാറണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി പലവട്ടം കത്തയച്ചു.

അതിനു തുടര്‍ച്ചയെന്നോണമാണ് കൈപ്പറ്റിയ ശമ്പളവും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കാൻ ശുപാര്‍ശ. ആഭ്യന്തര സെക്രട്ടറിയുടെ കത്തു പരിശോധിച്ചു നടപടി കൈക്കൊള്ളുമെന്നു മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. അതേസമയം കണ്ണു സുഖമില്ലാതിരുന്നതിനാലാണു റിപ്പോര്‍ട്ട് വൈകിയതെന്നും ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നു പ്രേംശങ്കര്‍ അറിയിച്ചു.