പ്രഥമ ട്വന്റി-20 ബധിരമൂക ഏഷ്യാകപ്പ് ക്രിക്കറ്റില്‍ പങ്കെടുക്കുന്ന ഒരേയൊരു ദക്ഷിണേന്ത്യക്കാരനായി മലയാളിയായ പ്രദീപ്

single-img
21 April 2015

22095_1049517345077877_2886604267758334081_n

പാകിസ്താനില്‍ ഏപ്രില്‍ 18 മുതല്‍ 28 വരെ നടക്കുന്ന പ്രഥമ ട്വന്റി- 20 ബധിരമൂക ഏഷ്യ കപ്പില്‍ പങ്കെടുക്കാന്‍ ദക്ഷിണേന്ത്യയില്‍ നിന്നുമുള്ള ഒരേയൊരു കളിക്കാരനായ കേരളത്തിന്റെ പ്രദീപ് ശുഭാപ്തി വിശ്വാസത്തിലാണ്, കപ്പ് ഇന്ത്യയ്ക്ക് തന്നെയാണെന്നുള്ള കാര്യത്തില്‍. സ്വാതന്ത്ര്യാനന്തരം ഇന്ത്യയും പാകിസ്താനുമായി ആദ്യമായി ക്രിക്കറ്റ് കളിച്ച ലാഹോര്‍ ജിംഖാന സ്റ്റേഡിയത്തിലും ഗദ്ദാഫി സ്റ്റേഡിയത്തിലുമായി നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ കപ്പ് നേടിയാല്‍ അതില്‍ ഈ മലയാളിയുടെ പങ്ക് എഴുതിത്തള്ളാനാകാത്തതാകുമെന്ന് ഇതുവരെയുള്ള പ്രദീപിന്റെ പ്രകടനങ്ങള്‍ കൊണ്ട് നമുക്കറിപ്പിക്കാം.

ടിനു യോഹന്നാനും ശേഷം ശ്രീശാന്തിനും ശേഷം ഔദ്യോഗിക ഇന്ത്യന്‍ ടീമിലെത്തുന്ന മലയാളിയായ കിട്ടു എന്ന് കൂട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന പ്രദീപ് ഇന്ന് കേരളത്തിന്റെ തന്നെ അഭിമാനമാണ്. നാളെ ഇന്ത്യയുടെയും അഭിമാനമായി മാറേണ്ട താരം. ഗുജറാത്തില്‍ നിന്നുള്ള ഇമ്രാന്‍ ഷൈഖ് ക്യപ്റ്റന്‍ ആയിട്ടുള്ള ഇന്ത്യന്‍ ടീമിന് ഏഷ്യകപ്പ് നേടാമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് പ്രദീപ്.

ഇന്ത്യന്‍ ടീമിന്റെ ഓപ്പണിംഗ് ബൌളറായ പ്രദീപ് നിരവധി ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. കോച്ച് ഗുജറാത്തില്‍ നിന്നുള്ള നീരേന്ദ്ര സിംഗിന്റെ കീഴില്‍ വഡോദരയില്‍ ഒരുമാസം നീണ്ടു നിന്ന പരിശീലനത്തിന് ശേഷം ഡല്‍ഹിയിലെത്തിയ ടീമിന് ആശംസയര്‍പ്പിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, കേന്ദ്ര മാനവ ശേഷി വികസന മന്ത്രി സ്മൃതി ഇറാനി തുടങ്ങിയവര്‍ എത്തിയിരുന്നു.

ഇന്‍സമാം ഉള്‍ ഹക്കിന്റെ കീഴില്‍ പരിശീലനം നടത്തുന്ന പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്‌ക്കൊപ്പം ഏഷ്യകപ്പില്‍ മത്സരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ നടന്ന ദേശീയ ബധിര മൂക ട്വന്റി-20 ക്രിക്കറ്റില്‍ സെമിയില്‍ കരുത്തരായ മഹാരാഷ്ട്രയെ കേരളം തോല്പ്പിച്ചത് പ്രദീപിന്റെ 13 നു 5 വിക്കറ്റ് എന്ന പ്രകടനത്തിലൂടെയാണ്. പഞ്ച്ചാബിലെ ജലന്ദരില്‍ നടന്ന ട്വന്റി-20 മത്സരത്തില്‍ തമിഴ് നാടിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത പ്രദീപ് ബെസ്റ്റ് ബൌളര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ ലുധിയാനയില്‍ ഇന്ത്യയും പാകിസ്താനുമായുള്ള 2്വന്റി-20 ദോസ്തി കപ്പിലും ബെസ്റ്റ് ബൌളര്‍ ഓഫ് ദി ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ പ്രദീപ് ഇന്ത്യന്‍ ടീമിന്റെ അഭിവാജ്യ ഘടകമാകുകയായിരുന്നു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍ക താലൂക്കില്‍ ധനുവച്ചപുരത്തിനടുത്തു കോഴിപ്പറ എന്ന ഗ്രാമത്തില്‍ ജനിച്ച പ്രദീപ് തിരുവനന്തപുരം ബധിര മൂക വിദ്യാലയത്തിലാണ് പഠനം പൂര്‍ത്തിയാക്കിയത്.