ജാതിക്കും മതത്തിനും മുകളില്‍ മനുഷ്യത്വവുമായി സുധീഷും കെസിയയും ജീവിതം തുടങ്ങുന്നു

single-img
20 April 2015

Titoമതത്തിനും ജാതിക്കും സ്ഥാനം ‘കൃഷ്ണതുളസി’ ഭവനത്തിന്റെ വെളിയിലാണ്. മതത്തിനും ജാതിക്കും അതീതമായി മനുഷ്യത്വത്തിന് വില കല്‍പ്പിക്കുന്ന ഈ വീട്ടില്‍ നടക്കാന്‍ പോകുന്ന വിവാഹവും കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം വിളംബരം ചെയ്തുകൊണ്ടു തന്നെയാണ്. നാദാപുരത്തെ സുധീഷിന്റെയും കെസിയയുടേയും വിവാഹം നടക്കുമ്പോള്‍ അത് മതമൈത്രിയും മാനുഷികപരവുമായ ഒരു ചരിത്രമായിരിക്കും എഴുതിച്ചേര്‍ക്കുന്നത്.

പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ജോ. സെക്രട്ടറിയും റിട്ട. അധ്യാപകനുമായ കല്ലാച്ചി പയന്തോങ്ങ് ‘കൃഷ്ണതുളസി’യിലെ എ.കെ. പീതാംബരന്റെയും തുളസി മണിയുടെയും മകന്‍ സുധീഷ് ടിറ്റോയുടെയും കോട്ടയം പുതുപ്പള്ളി എളയടം ഫിലിപ്പിന്റെയും സലീന ഫിലിപ്പിന്റെയും മകള്‍ കെസിയയുടെയും വിവാഹമാണ് എല്ലാവര്‍ക്കും മാതൃകയായി നടക്കുന്നത്. വധൂവരന്മാര്‍ അവയവദാനം നടത്തിയും വിവാഹത്തിനുള്ള ആര്‍ഭാടങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കി അതില്‍നിന്ന് ലഭിക്കുന്ന ഒരു ലക്ഷം രൂപ പാവങ്ങളുടെയും വയോധികരുടെയും ദുരിതാശ്വാസത്തിനായി സംഭാവന നല്‍കിയുമാണ് യുവ മിഥുനങ്ങള്‍ പുതു ജീവിതത്തിലേക്ക് കടക്കുന്നത്.

സമൂഹത്തിന് മാതൃകയായി, വരുന്ന 26 ന് സുധീഷ് ടിറ്റോയും കെസിയയും വിവാഹിതരാകുമ്പോള്‍ വളരെ ലളിതമായ ചടങ്ങില്‍ വെച്ച് അവര്‍ തങ്ങളുടെ അവയവദാന പ്രഖ്യാപനം നടത്തും. വിവാഹത്തിന്റെ ചെലവായി വരുന്ന ഒരു ലക്ഷം രൂപ തൂണേരി ബ്ലോക്കിന്റെ വയോജന സഭയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയും ചെയ്യും.

ഹിന്ദു നായര്‍ കുടുംബത്തിലെ അംഗമായ സുധീഷ് ബാഗ്ലൂരില്‍ ഡിസൈന്‍ എന്‍ജിനീയറായി ജോലി നോക്കുന്നതിനിടയിലാണ് കൂടെ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന കെസിയയെ കല്യാണം കഴിക്കാനുള്ള മോഹം വീട്ടുകാരെ അറിയിച്ചത്. കുടുംബം സന്തോഷത്തോടെ സുധീഷിന്റെ ആഗ്രഹത്തോടൊപ്പം നില്‍ക്കുകയും ആര്‍ഭാടത്തിന്റെ ധാരാളിത്തമില്ലാതെ ഈ വിവാഹം എന്നുമോര്‍മ്മിക്കത്തക്കതായി മാറുകയുമായിരുന്നു.