കോടതി ജീവനക്കാരനോട് ശബ്ദമുയര്‍ത്തി സംസാരിച്ച മധ്യവയസ്കന് തടവു ശിക്ഷ വിധിച്ച കീഴ്ക്കോടതിക്ക് സുപ്രീംകോടതിയുടെ വിമർശനം

single-img
20 April 2015

supreme courtദില്ലി: കോടതി ജീവനക്കാരനോട് ശബ്ദമുയര്‍ത്തി സംസാരിച്ചതിന് മധ്യവയസ്കന് 91 ദിവസം തടവു ശിക്ഷ വിധിക്കുകയും അതു ശരിവെയ്ക്കുകയും ചെയ്ത കീഴ്ക്കോടതി നടപടിയിൽ സുപ്രീംകോടതി. മഹാരാഷ്ട്രയിലെ വിവിധ കോടതികളുടെ നടപടിയെയാണ് ജസ്റ്റിസ് അനില്‍ ആര്‍ ദവെ, കുര്യന്‍ ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചത്. പരാതിക്കാരനായ ഭാനുദാസിനെ അടിയന്തിരമായി ജാമ്യത്തില്‍ വിടാന്‍ കോടതി ഉത്തരവായി.

1991 മുതല്‍ കീഴ്കോടതിയില്‍ നിലനിൽക്കുന്ന സ്വത്ത് തർക്കകേസില്‍ കീഴ് കോടതി വിധി നടപ്പാക്കാന്‍ എത്തിയ കോടതി അമീനോട് തട്ടിക്കേറി എന്നതായിരുന്നു കുറ്റം. ‘തനിക്ക് അവകാശപ്പെട്ട സ്ഥലത്ത്നിന്നും മതില്‍ പൊളിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല’ എന്നാണ് ഇയാള്‍ കോടതി വിധിയുമായി എത്തിയ അമീനോട് പറഞ്ഞത്. തുടർന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന കുറ്റത്തിന് ജനുവരി 13ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.

നീതി നിര്‍വഹണം തടസ്സപ്പെടുത്തി എന്ന കാരണം കാണിച്ച് ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പിറ്റേന്ന് തന്നെ മജിസ്ട്രേറ്റ് കോടതി തള്ളി.  സെഷന്‍സ് കോടതിയും സമാനമായ വിധം ജാമ്യാപക്ഷ തള്ളി. പ്രതിയുടെ പ്രവൃത്തി കോടതി അലക്ഷ്യത്തിലേക്ക് വളര്‍ന്നു എന്നതായിരുന്നു കാരണം പറഞ്ഞത്. ബോംബെ ഹൈക്കോടതിയുടെ ഔറാംഗബാദ് ബെഞ്ചും ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹം സുപ്രീം കോടതിയില്‍ എത്തിയത്.

കേസില്‍ ഹാജരായ മഹാരാഷ്ട്ര സര്‍ക്കാറിന്റെ അഭിഭാഷകനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ‘ ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ 66 വയസ്സുള്ള ഒരാളെ 91 ദിവസം ജയിലിലിടാന്‍ ആരാണ് നിങ്ങള്‍ക്ക് അധികാരം തന്നതെന്ന് കോടതി ചോദിച്ചു. എങ്ങിനെയാണ് നിങ്ങള്‍ക്ക് അതിനു കഴിഞ്ഞത്? അതിരു കടക്കരുതെന്നും കോടതി ബോധ്യപ്പെടുത്തി. പിഴ ശിക്ഷ ചുമത്താനുള്ള സാധ്യത ഉണ്ടായിരിക്കുമ്പോഴാണ് തടവു ശിക്ഷ വിധിച്ചതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടി. പിഴ ശിക്ഷയാണ് ആദ്യം പരിഗണിക്കേണ്ടത് എന്നും തടവുശിക്ഷയല്ല എന്നും അറിയാത്ത ആളാണോ താങ്കളെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് മഹാരാഷ്ട്ര സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.