ഇനി സി.പി.എമ്മിനെ യെച്ചൂരി നയിക്കും; മത്സരത്തിൽ നിന്നും എസ്.ആർ.പി പിന്മാറി

single-img
19 April 2015

sitaram-yechuriവിശാഖപട്ടണം: സീതാറാം യെച്ചൂരി സി.പി.എമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.  കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണ യെച്ചൂരിക്ക് അനുകൂലമായതോടെ എസ്. രാമചന്ദ്രന്‍പിള്ള പിന്മാറുകയായിരുന്നു. രൂക്ഷമായ തര്‍ക്കങ്ങള്‍ക്കും വടംവലിക്കും ഒടുവില്‍ വിട്ടുവീഴ്ചയ്ക്കില്ല വേണ്ടിവന്നാല്‍ മത്സരത്തിനും തയാര്‍ എന്ന നിലപാട് യെച്ചൂരി സ്വീകരിച്ചതോടെയാണ് എസ്.ആര്‍.പി സ്വയം പിന്മാറിയത്. സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പിന്തുണയേയും കേരള ഘടകത്തിന്റെ നിലപാടുകളേയും മറികടന്നാണ് യെച്ചൂരി സെക്രട്ടറിയായത്.

ശനിയാഴ്ച രാത്രി നടന്ന നിര്‍ണായക പി.ബി യോഗത്തില്‍ പ്രകാശ് കാരാട്ട് എസ്.ആര്‍.പി ജനറല്‍ സെക്രട്ടറിയാകട്ടെ എന്ന നിര്‍ദേശിച്ചു.  പൊളിറ്റ് ബ്യൂറോ അംഗങ്ങളില്‍ എട്ട് പേര്‍ എസ്.ആര്‍.പിയെ പിന്തുണച്ചപ്പോള്‍ അഞ്ച് പേരാണ് യെച്ചൂരിക്ക് വേണ്ടി വാദിച്ചത്. പിണറായി, കോടിയേരി, എം.എ ബേബി, സി.ഐ.ടി.യു.സി പ്രസിഡന്റ് എ.കെ പത്മനാഭന്‍ എന്നിവര്‍ എസ്.ആര്‍.പി വേണ്ടി ശക്തമായി പി.ബി യോഗത്തില്‍ വാദിച്ചു.

പി.ബിയിലെ മുന്‍തൂക്കവും സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറിയായ പ്രകാശ് കാരാട്ടിന്റെ നിലപാടും കൂടിയായതോടെ എസ്.ആര്‍.പിക്ക് കളം അനുകൂലമാകുന്നു എന്ന പ്രതീതിയുണ്ടായി. എന്നാല്‍ വിഷയം കേന്ദ്രകമ്മിറ്റിക്ക് മുമ്പിലേക്ക് വന്നതോടെ കാരാട്ടിന്റെയും കേരള നേതാക്കളുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് കേന്ദ്രകമ്മിറ്റി അംഗങ്ങളില്‍ വലിയൊരു പങ്ക് യെച്ചൂരിക്ക് അനുകൂലമായി നിലപാടെടുത്തു. ഒറ്റക്കെട്ടായി നിന്ന കേരള ഘടകത്തില്‍ നിന്ന് പോലും യെച്ചൂരിക്ക് അനുകൂലമായി ശബ്ദമുയര്‍ന്നു.

കേന്ദ്രകമ്മിറ്റി അംഗങ്ങളില്‍ ഭൂരിപക്ഷവും യെച്ചൂരിക്ക് അനുകൂലമായി നിന്നതോടെ മത്സരത്തിന്റെ പ്രതീതി ഉയര്‍ന്നു. ഈ ഘട്ടത്തില്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ മത്സരം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. യെച്ചൂരി ജനറല്‍ സെക്രട്ടറിയാകട്ടെ എന്ന മണിക് സര്‍ക്കാരിന്റെ നിലപാടും നിര്‍ണായകമായി. മത്സരിച്ചാല്‍ തോല്‍ക്കും എന്ന ഘട്ടം വന്നതോടെ കാര്യങ്ങളുടെ ഗതി മനസ്സിലാക്കിയ എസ്.ആര്‍.പി സ്വയം പിന്മാറുകയായിരുന്നു.