പരസ്യം കണ്ടാൽ ശുചിത്വബോധമുണ്ടാകുമോ? സ്വച്ഛ ഭാരത് അഭിയാന്റെ പരസ്യത്തിന് 200 കോടി രൂപ ചെലവാക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

single-img
18 April 2015

Clean_India_logoപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയാണ് സ്വച്ഛ ഭാരത് അഭിയാന്‍. പക്ഷേ തുടക്കത്തില്‍ ജനങ്ങള്‍ പദ്ധതിയോട് കാണിച്ച താല്‍പര്യം ഇപ്പോള്‍ ഇല്ല എന്നതാണ് സത്യം. അതിപ്പോള്‍ കേന്ദ്ര സര്‍ക്കാരും തിരിച്ചറിഞ്ഞിരിക്കുന്നു. അപ്പോള്‍ പിന്നെ പരസ്യത്തിലൂടെ ജനത്തെ വീണ്ടും പദ്ധതിയിലേക്ക് അടുപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം.

സ്വച്ഛ ഭാരത് അഭിയാന്റെ പരസ്യത്തിന് 200 കോടി രൂപ ചെലവാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അടുത്ത നാലു വര്‍ഷത്തേക്ക് ഉയര്‍ന്ന നിലവാരത്തിലുളള പരസ്യം തുടര്‍ച്ചയായി നല്‍കാന്‍ സ്വകാര്യ ഏജന്‍സികളെ സര്‍ക്കാര്‍ സമീപിച്ചുകഴിഞ്ഞു.

രാജ്യമെങ്ങും ശുചിത്വം ഉറപ്പുവരുത്തുന്നതിനും എല്ലാ വീട്ടിലും ശുചിമുറികള്‍ സ്ഥാപിക്കുന്നതിനും പ്രാധാന്യം നല്‍കുന്ന സ്വച്ഛ് ഭാരത് അഭിയാന്‍ കഴിഞ്ഞ ഒക്ടോബറിലാണു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. പദ്ധതിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി ഉള്‍പ്പെടെയുളള നേതാക്കള്‍ ചൂലുമായി രംഗത്ത് വരികയും ചെയ്തു.്.
കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ 12 സ്വകാര്യ പരസ്യ ഏജന്‍സികളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. പതിവു സര്‍ക്കാര്‍ പരസ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജനങ്ങളുടെ മനസില്‍ പതിയുന്ന ഉദാഹരണ സഹിതമുളള പരസ്യം നല്‍കാനാണ് തീരുമാനം. ടൂറിസം പ്രചാരണപരസ്യങ്ങളുടെ അതേനിലവാരം പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.