മുന്നണി വിടുമെന്ന് പരോക്ഷപ്രഖ്യാപനം; യുഡിഎഫ് നേതൃത്വത്തിനെതിരെ വീരേന്ദ്രകുമാർ

single-img
18 April 2015

veeകോഴിക്കോട്: യുഡിഎഫ് നേതൃത്വത്തിനെതിരെ വീരേന്ദ്രകുമാറിന്റെ ജനതാദള്‍ യുണൈറ്റഡ്. യുഡിഎഫില്‍ വന്നതിന് ശേഷം തങ്ങള്‍ക്ക് നേരിട്ടത് കടുത്ത അവഗണനയാണെന്ന് വീരേന്ദ്രകുമാര്‍ കുറ്റപ്പെടുത്തി. തങ്ങള്‍ എല്‍ഡിഎഫില്‍ തുടര്‍ന്നിരുന്നെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നേയെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. ഇതോടെ മുന്നണി വിടുമെന്ന പരോക്ഷപ്രഖ്യാപനമാണ് വിരേന്ദ്രകുമാർ നടത്തിയിരിക്കുന്നത്.

നിയമസഭാ ലോക്‌സഭാ സീറ്റുകളുടെ കാര്യത്തിലും യുഡിഎഫിലെ വിവിധ കമ്മിറ്റികളിലും അര്‍ഹമായ പരിഗണന പാര്‍ട്ടിക്ക് ലഭിച്ചില്ല. വടകര സീറ്റ് തങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അത് മുല്ലപ്പള്ളി രാമചന്ദ്രന്റെ സിറ്റിങ് സീറ്റ് ആണെന്ന വാദം ഉയര്‍ത്തി അത് നിരസിച്ചു. എന്നാല്‍, ആര്‍എസ്പി മുന്നണിയിലേക്ക് വന്നപ്പോള്‍ അവര്‍ക്ക് കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് നല്‍കിയത്. തങ്ങള്‍ക്ക് ജയിക്കാന്‍ സാധ്യതയില്ലാത്ത പാലക്കാട് സീറ്റാണ് നേതൃത്വം നല്‍കിയത്. ഇവിടത്തെ തോല്‍വി സംബന്ധിച്ച മുന്നണി കമ്മിറ്റി റിപ്പോര്‍ട്ട് ജനങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കാന്‍ യുഡിഎഫ് തയ്യാറായില്ല.

അത് ജനങ്ങളോട് പറയാനുള്ള ഉത്തരവാദിത്തം യുഡിഎഫ് നേതൃത്വത്തിനുണ്ട്. റിപ്പോര്‍ട്ട് പൂഴ്തിവെക്കരുത്. അത് ജനങ്ങളോട് പറയാനുള്ള ഉത്തരവാദിത്തം കാണിക്കണം. ഏതെങ്കിലും വ്യക്തിയുടെ ഇംഗിതത്തിനനുസരിച്ച് റിപ്പോര്‍ട്ട് പൂഴ്തി വെക്കരുത്.

എല്‍ഡിഎഫ് മുന്നണി വിട്ടതിന് ശേഷം യുഡിഎഫില്‍ വന്ന തങ്ങള്‍ക്ക് മുന്നണിയിലെ മറ്റ് സ്ഥാനങ്ങളും ലഭിച്ചില്ല. ഒരു ജില്ലാ കമ്മിറ്റിയിലും കണ്‍വീനര്‍ സ്ഥാനം പാര്‍ട്ടിക്ക് ലഭിച്ചില്ല. എല്‍ഡിഎഫിലായിരുന്നപ്പോള്‍ തങ്ങള്‍ക്ക് സ്ഥാനം ലഭിച്ചിരുന്നു.ഇപ്പോള്‍ തങ്ങള്‍ യുഡിഎഫിലാണ്. യുഡിഎഫില്‍ അസംതൃപ്തിയില്ലാതെയാണ് ഇപ്പോള്‍ നില്‍ക്കുന്നതെന്ന് ആരും ധരിക്കേണ്ട. ഇത്രയും കാലം മുന്നണിക്കകത്ത്മാത്രമായിരുന്നു ഇത് പറഞ്ഞത്. ഇപ്പോള്‍ പുറത്തുപറയുന്നു.

തങ്ങള്‍ ഇപ്പോള്‍ പ്രാദേശിക പാര്‍ട്ടിയല്ല. ദേശിയ പാര്‍ട്ടിയായ ജനതാദള്‍ യുണൈറ്റഡിന്റെ ഭാഗമാണ്. മാറിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പാര്‍ട്ടി തീരുമാനമെടുക്കുക. ഇക്കാര്യം ജെഡിയു ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്തായിരിക്കും തീരുമാനമെടുക്കുക. തൃശൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ കൊലപാതക കേസ് അന്വേഷിക്കുന്ന കാര്യത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പും യുഡിഎഫ് നേതൃത്വവും കാര്യമായ പരിഗണന കൊടുത്തിട്ടില്ല.

രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്തി ഉചിതമായ തീരുമാനമമാണ് പാര്‍ട്ടി സ്വകീരരിക്കുക. എല്‍ഡിഎഫിലേക്ക് മടങ്ങി പോകുന്ന കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ല. പാര്‍ട്ടി തെറ്റു തിരുത്തിപോവുക എന്നല്ല പാര്‍ട്ടിയുടെ സമീപനം എന്തായിരിക്കും എന്നതായിരിക്കും രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് അടിസ്ഥാനം. ഇതുസംബന്ധിച്ച ചര്‍ച്ചകളൊന്നും ഇപ്പോള്‍ നടന്നിട്ടില്ലെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു.