ഗോഡ്സെ എന്ന വാക്കിന് പാര്‍ലമെന്റില്‍ ഉണ്ടായിരുന്ന വിലക്ക് നീക്കി

single-img
18 April 2015

parlimentന്യൂഡല്‍ഹി: ഗോഡ്സെ എന്ന വാക്ക് ഇനി പാര്‍ലമെന്റില്‍ ഉപയോഗിക്കാം. പാര്‍ലമെന്റില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിക്കുന്ന ‘അണ്‍പാര്‍ലമെന്ററി’ വാക്കുകളുടെ പട്ടികയില്‍നിന്നാണ് ഗോഡ്‌സെ നീക്കിയത്. എന്നാല്‍, നാഥുറാം ഗോഡ്‌സെ എന്ന വാക്കിനുള്ള നിരോധനം തുടരുമെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജൻ സഭയെ അറിയിച്ചത്. 1956 ലാണ് ഗോഡ്‌സെ എന്ന വാക്കിന് പാര്‍ലമെന്റില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. 1948 ജനുവരി 30ന്  മഹാത്മാ ഗാന്ധിയെ നാഥുറാം ഗോഡ്‌സെ വെടിവെച്ചു കൊന്നതിനെ തുടര്‍ന്നാണ് നാഥുറാം ഗോഡ്‌സെ എന്ന വാക്ക് പാര്‍ലമെന്റില്‍നിന്ന് വിലക്കിയത്.

മഹാരാഷ്ട്രയിലെ നാസിക്കില്‍നിന്നുള്ള ശിവസേന എംപി ഹേമന്ത് തുക്ക്‌റാം ഗോഡ്‌സെയുടെ പരാതിയെ തുടര്‍ന്നാണ് സ്പീക്കര്‍ ഗോഡ്‌സെയുടെ വിലക്ക് നീക്കിയത്. ഗോഡ്‌സെയെ അയോഗ്യപദങ്ങളുടെ പട്ടികയില്‍നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ ഇരുസഭകളുടെയും സ്പീക്കര്‍മാര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഗോഡ്‌സെയ്ക്കുള്ള വിലക്ക് തന്റെ കുടുംബപേരിനും പൂര്‍വീകര്‍ക്കും അപകീര്‍ത്തിയുണ്ടാക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെ ഈ വാക്ക് അയോഗ്യപദങ്ങളുടെ പട്ടികയില്‍നിന്ന് നീക്കണമെന്നുമായിരുന്നു എംപിയുടെ ആവശ്യം.

തന്റെ കുറ്റം കൊണ്ടല്ല കുടുംബപേര് ഗോഡ്‌സെ എന്നായത്. കുടുംബപേര് ആയതുകൊണ്ട് ഒഴിവാക്കാന്‍ സാധിക്കില്ലെന്നും ഇയാള്‍ കത്തില്‍ പറയുന്നു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗോഡ്‌സെയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സഭനീക്കിയത്. വിലക്ക് നിലനിന്നിരുന്നതിനാല്‍ തുക്കറാം ഗോഡ്‌സെയ്ക്ക് സ്വന്തം പേര് പാര്‍ലമെന്റില്‍ പറയാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു.