ജമ്മു കശ്മീർ ബന്ദിനിടെ അക്രമം; പൊലീസ് വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു

single-img
18 April 2015

kashmirശ്രീനഗര്‍: വിഘടനവാദി നേതാവ് മസാറത് ആലത്തിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ജമ്മു കശ്മീരില്‍ നടക്കുന്ന ബന്ദിനിടെ അക്രമം. ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സെയ്ദ് അലിഷാ ഗിലാനിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ശ്രീനഗറിലെ നര്‍ബാലില്‍ നടന്ന പ്രതിഷേധ പ്രകടനം അക്രമാസക്തമായതോടെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു.  ബന്ദ് ജനജീവിതത്തെ ബാധിക്കാന്‍ അനുവദിക്കില്ലെന്ന് ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് പറഞ്ഞിരുന്നു.

മസാറത് ആലത്തിന്റെ അറസ്റ്റിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ശ്രീനഗറിലുണ്ടായ പ്രതിഷേധത്തിനിടെ 14 പേര്‍ക്ക് പരുക്കേറ്റിരുന്നു. ശ്രീനഗറില്‍ പാക് പതാകവീശി ഇന്ത്യാ വിരുദ്ധ പ്രക്ഷോഭം നടത്തിയതിനാണ് മസാറത് ആലം അറസ്റ്റിലായത്. ആലത്തെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

2010ല്‍ കശ്മീരില്‍ കല്ലെറിയല്‍ പ്രതിഷേധത്തെ തുടര്‍ന്ന് 122 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തടവിലായിരുന്ന ആലം കശ്മീരില്‍ പുതിയ സര്‍ക്കാര്‍ വന്നതിനെ തുടര്‍ന്നു 40 ദിവസം മുന്‍പാണ് മോചിതനായത്. ആലമിനെ വിട്ടയച്ച കശ്മീര്‍ സര്‍ക്കാരിന്റെ തീരുമാനം അന്നുതന്നെ വന്‍ വിവാദമായിരുന്നു.