മുഖ്യമന്ത്രിയുടെ സഹായി തോമസ് കുരുവിളയ്ക്ക് സരിത 25 ലക്ഷം രൂപ നൽകിയതായി ആർ.ബാലകൃഷ്ണ പിള്ള

single-img
17 April 2015

06-balakrishna-pillaiകൊച്ചി: മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഡൽഹിയിലെ സഹായി തോമസ് കുരുവിളയ്ക്ക് സരിത 25 ലക്ഷം രൂപ നൽകിയതായി ആർ.ബാലകൃഷ്ണ പിള്ള സോളാർ അന്വേഷണ കമ്മിഷന് മുമ്പാകെ മൊഴി നൽകി. ഡൽഹിയിൽ വച്ച് 15 ലക്ഷവും പിന്നീട് തിരുവനന്തപുരത്ത് വെച്ച് 10 ലക്ഷം രൂപയുമാണ് നൽകിയത്. കത്തിൽ ഇക്കാര്യം വിശദമായി പറയുന്നുണ്ട്. തോമസ് കുരുവിള എന്നാണ് കത്തിൽ പറഞ്ഞിട്ടുള്ളത്. അയാൾ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനാണെന്നാണ് താൻ മനസിലാക്കുന്നതെന്നും പിള്ള പറഞ്ഞു.

സോളാര്‍ കേസ് പ്രതി സരിതയുടേതെന്ന പേരില്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്ന കത്ത് യഥാര്‍ഥമാണ്. പുറത്തുവന്ന കത്തും താന്‍ വായിച്ച കത്തും ഒന്നുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് മൊഴി നല്‍കിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീധരൻ നായരുമൊത്ത് സരിത മുഖ്യമന്ത്രിയെ ഓഫീസിൽ എത്തി കണ്ടിരുന്നു. പിന്നീട് മുഖ്യമന്ത്രിക്കൊപ്പമാണ് സരിത ലിഫ്ടിൽ പുറത്തിറങ്ങിയത്. ഇക്കാര്യങ്ങൾ അവിശ്വസിക്കേണ്ടതില്ലെന്നും ബാലകൃഷ്ണപിള്ള കമ്മിഷനെ അറിയിച്ചു.  സരിതയെ പലരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നും പിള്ള മൊഴി നൽകി.

എറണാകുളം ജില്ലയിലെ ഒരു എം.എൽ.എയ്ക്ക് സരിത അഞ്ചു ലക്ഷം രൂപ നൽകി. അതാരാണെന്ന് മാദ്ധ്യമങ്ങൾ കണ്ടുപിടിച്ചോളൂ എന്ന് പിള്ള പിന്നീട് പറഞ്ഞു.  സരിതയുമായി ബന്ധമുള്ള മറ്റ് മന്ത്രിമാരുടെ പേരുകൾ താൻ പുറത്തു പറയുന്നില്ല. ധാർമികതയുടെ പേരിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്താത്തത്.  താൻ കത്ത് പുറത്തു വിട്ടിരുന്നെങ്കിൽ രണ്ടു വർഷം മുമ്പ് യു.ഡി.എഫ് സർക്കാർ താഴെ വീഴുമായിരുന്നെന്നും  പിള്ള കൂട്ടിച്ചേർത്തു.