ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചു; അല്‍ജസീറ ചാനലിന്റെ സംപ്രേഷണം കേന്ദ്ര സർക്കാർ വിലക്ക്‌

single-img
17 April 2015

aljazeeraഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചതിന് അല്‍ജസീറ ചാനലിന്റെ സംപ്രേഷണം അഞ്ച് ദിവസത്തേക്ക് തടയാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ചാനൽ പലവട്ടം ഭൂപടം തെറ്റായി കാണിച്ചതിനെ തുടർന്നാണ് വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ഉപസമിതി സംപ്രേഷണം തടയാൻ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

2013-14 കാലങ്ങളിൽ ഇന്ത്യയുടെ ഭൂപടം അല്‍ജസീറ തെറ്റായി കാണിച്ചത് ശ്രദ്ധയില്‍പെട്ടിരുന്നു. തുടര്‍ന്ന് സര്‍വെയര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് ചാനല്‍ ക്ലിപ്പിംഗുകള്‍ കൈമാറി. സര്‍വെയര്‍ ജനറലിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് ശിക്ഷാനടപടി. ഭൂപടങ്ങള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിധത്തിലാണ് ചാനല്‍ കാണിച്ചതെന്ന് സമിതി വിലയിരുത്തി.

ഒരു ഭൂപടത്തില്‍ ഇന്ത്യയുടെ ഒരു ഭാഗം കാണിക്കാതിരിക്കുകയും മറ്റൊന്നില്‍ രാജ്യാന്തര അതിര്‍ത്തി വ്യക്തമാകാത്ത വിധത്തില്‍ കാണിക്കുകയും ചെയ്തു എന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. 2014ല്‍ ജൂലൈ രണ്ടിന് അല്‍ജസീറ ഇന്ത്യയുടെ തെറ്റായ ഭൂപടം കാണിച്ചതായി വിദേശകാര്യമന്ത്രാലയവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചാനല്‍ പ്രദര്‍ശിപ്പിച്ച മാപ്പുകളിലൊന്നില്‍ ലക്ഷദ്വീപും ആന്തമാന്‍ ദ്വീപ് സമൂഹങ്ങളും ഇന്ത്യയുടെ ഭാഗമായി കാണിക്കുന്നില്ല.  ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22ന് വാര്‍ത്താവിതരണ മന്ത്രാലയം ചാനലിന് ഷോ കോസ് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

ഗ്ലോബല്‍ ന്യൂസ് പ്രൊവൈഡേഴ്‌സ് എന്ന രാജ്യാന്തര സോഫ്റ്റ്‌വെയര്‍ ഏജന്‍സിയില്‍ നിന്നാണ് തങ്ങള്‍ മാപ്പുകള്‍ എടുക്കുന്നതെന്നും അല്‍ജസീറ വിശദീകരിച്ചു. ഇനി മുതല്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഭൂപടങ്ങള്‍ കാണിക്കുമ്പോള്‍ ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക മാപ്പ് ആധാരമാക്കാമെന്ന് ചാനല്‍ ഉറപ്പുനല്‍കി. എന്നാല്‍ ആവര്‍ത്തിച്ചുള്ള തെറ്റുകള്‍ക്ക് ശിക്ഷയായാണ് അഞ്ച് ദിവസത്തെ ചാനല്‍ വിലക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.