ഹിജാബ് ധരിച്ചതിന് ആക്ഷേപിക്കപ്പെട്ട യുവതിയെ പിന്തുണച്ച സ്റ്റാസി ഈഡന് അഭിനന്ദന പ്രവാഹം

single-img
16 April 2015

ausisഹിജാബ് ധരിച്ച യുവതിയെ ആക്ഷേപിച്ച മധ്യവയസ്കക്കെതിരെ പ്രതികരിച്ച യുവതിക്ക് സിഡ്‌നിയില്‍ അഭിനന്ദന പ്രവാഹം. സ്റ്റാസി ഈഡന്‍ എന്ന യുവതിയാണ് ഹിജാബ് ധരിച്ച യുവതിയെ പിന്തുണച്ചത്. ഒരു പുരുഷനും കുട്ടിക്കുമൊപ്പം ട്രെയിനില്‍ കയറിയ യുവതിയെ ഹിജാബ് ധരിച്ചതിന്റെ പേരില്‍ മധ്യവയസ്‌ക അവരെ രൂക്ഷമായ ഭാഷയിൽ ആക്ഷേപിക്കുകയായിരുന്നുവെന്ന് ഈഡന്‍ പറയുന്നു. യുവതി ആക്ഷേപിക്കപ്പെടുന്നതിന്റെ വീഡിയോയും ഈഡന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

യഥാര്‍ത്ഥത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് പത്ത് മിനിറ്റ് മുമ്പ് മധ്യവയസ്‌കയുടെ ചീത്തവിളി ആരംഭിച്ചിരുന്നുവെന്ന് ഈഡന്‍ പറയുന്നു. ആറ് വയസ്സായ കുഞ്ഞുങ്ങളെ വിവാഹം കഴിക്കുന്നവര്‍ക്ക് വേണ്ടി നിങ്ങള്‍ എന്തിനാണ് ഈ വസ്ത്രം ധരിക്കുന്നത് എന്ന് ചോദിച്ചാണ് യുവതിക്ക് നേരെ ആക്ഷേപം തുടങ്ങിയത്. എന്നാല്‍ മുസ്‌ലിം യുവതി നിശബ്ദയായിരുന്നതിനെ തുടര്‍ന്ന് ഈഡന്‍ ഇടപെട്ടു.

ആ വസ്ത്രം ധരിക്കുന്നത് സൗകര്യമായത് കൊണ്ടാണ് അവര്‍ അത് ധരിച്ചത്. അവര്‍ക്ക് അവരുടെ ശരീരം മറക്കണമെന്നുണ്ട്. ചുറ്റും ഇരിക്കുന്നവരുടെ സൗകര്യം അനുസരിച്ചല്ല അവര്‍ വസ്ത്രം ധരിക്കുന്നതെന്നും ഈഡന്‍ മറുപടി നല്‍കി.

എന്നാല്‍ ഇവരാണ് കുട്ടികളെ കൊല്ലുന്നത് എന്നും മുസ്‌ലിം യുവതി ഐസിസ് തീവ്രവാദിയാണെന്നുമുള്ള ആക്ഷേപം മധ്യവയസ്‌ക തുടരുകയായിരുന്നു.

ചുറ്റും ഇരിക്കുന്നവരെ ബുദ്ധിമുട്ടിക്കരുത്. താങ്കള്‍ക്ക് നല്ലതൊന്നും പറയാനില്ലെങ്കില്‍ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് ഈഡന്‍ പറഞ്ഞതോടെ ഇവര്‍ നിശബ്ദയാവുകയായിരുന്നു. വിഡീയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നൂറുകണക്കിന് ലൈക്കുകളും ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്.