ഫുകുഷിമ അണുവോര്‍ജ പ്ലാന്റിന്റെ ചിത്രമെടുക്കാന്‍ അയച്ച റൊബോട്ട്‌ മൂന്ന്‌ മണിക്കൂറിനുള്ളിൽ പ്രവര്‍ത്തന രഹിതമായി

single-img
16 April 2015

fukuടോക്കിയോ: 2011 ല്‍ തകരാറിലായ ഫുകുഷിമ അണുവോര്‍ജ പ്ലാന്റിന്റെ ചിത്രമെടുക്കാന്‍ അയച്ച റൊബോട്ട്‌ മൂന്ന്‌ മണിക്കൂറിനുശേഷം പ്രവര്‍ത്തന രഹിതമായി. നാലു വർഷങ്ങൾക്ക് മുമ്പ് സുനാമിയെ തുടര്‍ന്നാണു ആണവോര്‍ജ നിലയം തകരാറിലായത്‌. അന്ന് സുനാമി- അണുവികിരണം എന്നിവയെ തുടര്‍ന്ന്‌ 16,000 പേരാണു മരിച്ചത്‌. നിലയം തകരാറിലായതിനെ തുടര്‍ന്ന്‌ മൂന്നു ലക്ഷം പേരെയാണ്‌ ഒഴിപ്പിച്ചത്‌. ആണവ റിയാക്‌ടറുകളില്‍ അവശേഷിക്കുന്ന ഇന്ധനത്തിന്റെ അളവ്‌ എടുക്കുകയായിരുന്നു റൊബോട്ടിന്റെ ദൗത്യം.

10 മണിക്കൂര്‍ കൊണ്ട്‌ ദൗത്യം പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. ആദ്യഘട്ടത്തില്‍ റൊബോട്ടില്‍നിന്ന്‌ ഏതാനും ചിത്രങ്ങളും ശാസ്‌ത്രജ്‌ഞര്‍ക്കു ലഭിച്ചു. എന്നാല്‍ യാത്ര തുടരാനാകാതെ റൊബോട്ട്‌ തകര്‍ന്നു വീഴുകയായിരുന്നു.  അണുവികിരണത്തോത്‌, താപനില എന്നിവ റൊബോട്ടില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കണക്കാക്കുമെന്നു ടോക്കിയോ പവര്‍ കമ്പനി വക്‌താവ്‌ അറിയിച്ചു. കൂടുതല്‍ നിരീക്ഷണത്തിന്‌ ഒരു റോബോട്ടിനെക്കുടി അയയ്‌ക്കാനുള്ള നീക്കം അപകടത്തെ തുടര്‍ന്നു നിര്‍ത്തിവച്ചിരിക്കുകയാണ്‌.

ഈ മേഖലയിലെ അണുവികിരണത്തോത്‌ ജീവനു ഭീഷണിയല്ലാത്ത നിലയിലാകാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരുമെന്നാണു നിഗമനം. ആറ്‌ റിയാക്‌ടറുകൾ ഉണ്ടായിരുന്ന നിലയത്തില്‍ ഉൾകുള്ളുന്ന ഈ മേഖലയില്‍ ഉടനെങ്ങും മനുഷ്യനു താമസിക്കാന്‍ കഴിയില്ലെന്നും വ്യക്‌തമായിട്ടുണ്ട്‌.  ഇതേ സമയം ജപ്പാനില്‍ രണ്ട്‌ ആണവ റിയാക്‌ടറുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള തീരുമാനം ഫുകുയിയിലെ കോടതി തടഞ്ഞു.  അണുവോര്‍ജ പദ്ധതികള്‍ക്കായി വാദിക്കുന്ന പ്രധാനമന്ത്രി ഷിന്‍സോ ആബെയ്‌ക്കു കോടതി ഉത്തരവ്‌ കനത്ത തിരിച്ചടിയായി.