റാലിയില്‍ പാക് പതാക ഉപയോഗിച്ചതിന് മസ്‌റത്ത് ആലം പൊലീസ് പിടിയിൽ

single-img
16 April 2015

alamശ്രീനഗര്‍: റാലിയില്‍ പാക്കിസ്ഥാന്‍ പതാക ഉപയോഗിച്ചതിനും ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിനും കശ്മീര്‍ വിഘടനവാദി നേതാവ് മസ്‌റത്ത് ആലം പൊലീസ് പിടിയിൽ. 2010ല്‍ കശ്മീര്‍ താഴ്‌വരയില്‍ നൂറിലേറെപേര്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ആലം. മാസങ്ങൾക്ക് ശേഷം ഡല്‍ഹിയിൽ നിന്നും  ശ്രീനഗറിലേക്ക് മടങ്ങിയെത്തിയ ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് സയിദ് അലി ഷാ ഗിലാനിയെ സ്വീകരിക്കാനാണ് റാലി നടത്തിയത്.

റാലിയിലുടനീളം പാക്കിസ്ഥാന്‍ പതാക വീശിയ അണികള്‍ പാക്ക് അനുകൂല മുദ്രാവാക്യവും വിളിച്ചു. ഇതിനെതിരെയാണ് മസ്‌റത്ത് ആലം ഉള്‍പ്പെടെ റാലിയില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ കേസെടുത്തത്. ആലമിനെതിരെ നടപടിയെടുക്കണമെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ മാസമാണ് കശ്മീരിലെ പി.ഡി.പി-ബി.ജെ.പി സര്‍ക്കാര്‍ മസ്രത്തെ ജയിലില്‍ നിന്ന് വിട്ടയച്ചത്. 2010 ല്‍ കശ്മീരിലുണ്ടായ കല്ലെറിയല്‍ പ്രതിഷേധത്തെതുടര്‍ന്ന് 122 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തടവിലായിരുന്നു മസ്‌റത്ത് ആലം. മസ്‌റത്ത് ആലമിനെ വിട്ടയച്ച ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ തീരുമാനം വന്‍ വിവാദമായിരുന്നു. 2010 നുശേഷം ആദ്യമായിട്ടാണ് സയിദ് അലി ഷാ ഗിലാനി ഒരു പൊതു റാലിയില്‍ പങ്കെടുക്കുന്നത്.

നിരോധിത മേഖലയില്‍ റാലി നടത്തിയതിന് മസ്‌റത്ത് ആലമിനെയും മറ്റൊരു വിഘടനവാദി നേതാവായ യാസിന്‍ മാലിക്കിനേയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കശ്മീരിലെ ത്രാളിലേക്ക് പോകുമ്പോഴായിരുന്നു അറസ്റ്റ്. ത്രാളില്‍ സായുധസേന നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നു.