മോഡിയുടെ 24000 കോടിയുടെ റാഫേല്‍ കരാർ ബിജെപി കേന്ദ്രങ്ങളെയും പിടിച്ചുലക്കുന്നു; കരാറിനുപിന്നില്‍ അവിഹിത ഇടപാടുകള്‍ നടന്നുവെന്ന സംശയം ശക്തമാകുന്നു

single-img
14 April 2015

article-doc-m0j8-6WQsykpDVHSK2-532_634x406ഫ്രാന്‍സില്‍നിന്ന് 24,000 കോടി രൂപ ചെലവിട്ട് റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ ബിജെപി കേന്ദ്രങ്ങളെയും പിടിച്ചുലക്കുന്നു.പ്രതിരോധആവശ്യങ്ങള്‍ക്ക് പര്യാപ്തമല്ലെന്ന് പ്രതിരോധരംഗത്തെ വിദഗ്ധർ തന്നെ വിലയിരുത്തിയ റാഫേല്‍ വിമാന കരാറിനുപിന്നില്‍ അവിഹിത ഇടപാടുകള്‍ നടന്നുവെന്ന സംശയം ശക്തമാകുകയാണു.റാഫേല്‍ കരാറില്‍ അഴിമതി ആരോപണവുമായി രംഗത്തെത്തിയത് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ സൂബ്രഹ്മണ്യം സ്വാമിയാണ്.

വിമാനത്തിന് ആവശ്യക്കാര്‍ ഇല്ലാത്തതിനാല്‍ ഉല്‍പ്പാദനം നിര്‍ത്തിവയ്‌ക്കേണ്ട നിലയില്‍ എത്തിയ ഫ്രഞ്ച് കമ്പനിയെ രക്ഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനവേളയില്‍ കച്ചവടമുറപ്പിച്ചതെന്നാണ് പ്രധാന ആരോപണം.വ്യോമസേനയെ ഉടന്‍തന്നെ ശക്തിപ്പെടുത്താനാണെങ്കില്‍ എസ്യു-30 എംകെഐ വിമാനങ്ങളാണ് വാങ്ങേണ്ടതെന്ന് പ്രതിരോധരംഗത്തെ വിദഗ്ധർ പറയുന്നു. എസ്യു വിമാനങ്ങളുടെ നാലിരട്ടിയോളമാണ് റാഫേല്‍ വിമാനങ്ങളുടെ വില.പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും എസ്യു വിമാനങ്ങളെയാണ് അനുകൂലിച്ചത്.

ലോകത്തെ ഒരു വ്യോമസേനയും ഇപ്പോള്‍ റാഫേല്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നില്ല. ഫ്രാന്‍സിലെ പ്രതിരോധ വ്യവസായം തന്നെ റാഫേലിനെ ഉപേക്ഷിച്ചിരിക്കുപ്പോഴാണു ഇന്ത്യ 24000 കോടി മുടക്കി റാഫേല്‍ വിമാനം വാങ്ങുന്നത്.സാങ്കേതികവിദ്യ കൈമാറ്റമില്ലാതെയാണ് ഇന്ത്യ 36 റാഫേല്‍ വിമാനം വാങ്ങുന്നത്.

സുപ്രധാന പ്രതിരോധ കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്യുമ്പോള്‍, ബന്ധപ്പെട്ട കാബിനറ്റ് മന്ത്രിമാര്‍ റോളൊന്നുമില്ലാതെ വിശ്രമത്തിലാണു.പ്രധാനമന്ത്രിയുടെ വിദേശയാത്രയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെക്കുന്നുവെങ്കില്‍ ബന്ധപ്പെട്ട കാബിനറ്റ് മന്ത്രി ഒപ്പം പോകാറുണ്ട്. എന്നാല്‍, മോദി പ്രധാനമന്ത്രിയായ ശേഷം വിദേശയാത്രയില്‍ ഈ പതിവില്ല. വിദേശ സന്ദര്‍ശനങ്ങള്‍ സ്വന്തം തിളക്കം വര്‍ധിപ്പിക്കാനുള്ള അവസരമായാണ് മോദി പ്രയോജനപ്പെടുത്തുന്നത്.