‘സ്വരാജ് സംവാദ്’, എഎപി വിമതരുടെ യോഗം ഗുഡ്ഗാവില്‍ ആരംഭിച്ചു

single-img
14 April 2015

yogന്യൂഡല്‍ഹി:  പ്രശാന്ത് ഭൂഷണിന്‍െറയും യോഗേന്ദ്ര യാദവിന്‍െറയും നേതൃത്വത്തില്‍ എഎപി വിമതരുടെ യോഗം ഗുഡ്ഗാവില്‍ ആരംഭിച്ചു. അധികാര രാഷ്ട്രീയത്തിനെതിരെയുള്ള ബദല്‍രാഷ്ട്രീയത്തിന് തുടക്കമിടുകയാണെന്ന് യോഗേന്ദ്ര യാദവ് യോഗത്തിന് മുമ്പ് പറഞ്ഞു. ‘സ്വരാജ് സംവാദ്’ എന്ന പേരിലാണ് യോഗംചേര്‍ന്നത്.അംബദ്ക്കര്‍ ജയന്തിയിൽ തന്നെ തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ അതീവസന്തോഷവും അഭിമാനവുമുണ്ട്. മാധ്യമങ്ങളെ സാക്ഷിയാക്കിയാണ് യോഗം നടക്കുന്നത്.

യോഗം സുതാര്യമാണെന്നതിന് തെളിവാണതെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. വിമതപക്ഷത്തെ അനുകൂലിക്കുന്നവരും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് പുറത്താക്കപ്പെട്ടവരും രാജിവെച്ചവരും യോഗത്തില്‍ പങ്കെടുത്തു. ഇവരുമായി ചേര്‍ന്ന് പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.

അതേസമയം, വിമത സമ്മേളനം വിളിച്ച പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനൊരുങ്ങുകയാണ് ഓദ്യോഗിക പക്ഷം. പാര്‍ട്ടി അനുമതിയില്ലാതെയാണ് ഗുഡ്ഗാവില്‍ യോഗം ചേരുന്നതെന്നും വിമതര്‍ പാര്‍ട്ടിയില്‍ തുടരുന്നതിനേക്കാള്‍ നല്ലത് പുറത്ത് പോകുകയാണെന്നും എ.എ.പി നേതാവ് പ്രതികരിച്ചു.