തൃശൂര്‍ അമലാ ആശുപത്രിയില്‍ കഴിയുന്ന രോഗികളിലും കൂട്ടിരിപ്പുകാരിലും വിശന്നിരിക്കുന്നവരുണ്ടാകില്ല; കാരണം ആശുപത്രിക്ക് മുമ്പിലെ ഷഹരിയാര്‍ ഹോട്ടലില്‍ വിശന്നിരിക്കുന്നവര്‍ക്ക് സൗജന്യ കഞ്ഞിയും അച്ചാറുമായി പ്രകാശനുണ്ട്

single-img
11 April 2015

Prakashanഅസുഖബാധിതരായി തൃശൂര്‍ അമലാ ആശുപത്രിയില്‍ കഴിയുന്ന രോഗികളും കൂട്ടിരിപ്പുകാരുമായി നൂറോളം പേര്‍ക്ക് അന്നദാതാവാണ് പ്രകാശന്‍. രോഗികളുടെ കഷ്ടപ്പാട് കണ്ടറിഞ്ഞ് താന്‍ നടത്തുന്ന ഹോട്ടലില്‍ നിന്നുള്ള ലാഭം കൊണ്ട് ഇവര്‍ക്ക് അന്നമൂട്ടുമ്പോള്‍ അവിടെ വെളിവാകുന്നത് പ്രകാശന്റെ നന്മനിറഞ്ഞ മനസ്സാണ്. ഒരാള്‍ പോലും തന്റെ മുന്നില്‍ വിശന്നിരിക്കരുതെന്ന് ഉറപ്പിക്കുന്ന നല്ല മനസ്സ്.

അമല ആശുപത്രിക്ക് മുമ്പില്‍ ഷെഹരിയാര്‍ ഹോട്ടല്‍ നടത്തുന്ന ചൂരക്കാട്ടുകര തൂമ്പായില്‍ പ്രകാശന്‍ ദിവസവും നൂറോളം രോഗികള്‍ക്ക് സൗജന്യമായി അച്ചാറും ഉപ്പും കൂട്ടി കഞ്ഞി വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചത് ഒരു വര്‍ഷം മുന്‍പാണ്. രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെ കഞ്ഞിവിതരണം ചെയ്യുമ്പോള്‍ അതില്‍ നിന്നും കിട്ടുന്ന മാനസിക സംതൃപ്തി കുറച്ചൊന്നുമല്ലെന്ന് പ്രകാശന്‍ പറയുന്നു.

നല്ല തിരക്കുള്ള ഹോട്ടലില്‍ രോഗികള്‍ കഞ്ഞിവാങ്ങാനെത്തുമ്പോള്‍ അവരെ പരിഗണിച്ചിട്ടേ പ്രകാശന്‍ മറ്റു പണികളിലേക്ക് കടക്കൂ. ഹോട്ടലില്‍ സഹായത്തിനായി പതിനെട്ടോളം ജോലിക്കാരേയും പ്രകാശന്‍ നിര്‍ത്തിയിട്ടുണ്ട്. ഈ മഹാട്ടലില്‍ നിന്നും കിട്ടുന്ന വരുമാനത്തില്‍ ഒരു പങ്കാണ് പ്രകാശന്‍ കഞ്ഞി വിതരണത്തിനായി നീക്കിവെയ്ക്കുന്നത്.

കഷ്ടപ്പാടിന്റെ വേദനയറഞ്ഞി പ്രകാശന് മറ്റു കഷ്ടപ്പെടുന്നവരുടെ വേദന എളുപ്പത്തില്‍ മനസ്സിലാകും. വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടിലെ ഹോട്ടലില്‍ ദിവസക്കൂലിക്ക് ജോലിക്ക് നിന്ന വ്യക്തിയാണ് പ്രകാശന്‍. അവിടെ നിന്നും അമല ആശുപത്രിക്ക് മുന്നില്‍ തട്ടുകടയിട്ട് ആരംഭിച്ച കച്ചവടം 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹോട്ടലിലേക്ക് വഴിമാറുകയായിരുന്നു. രോഗികള്‍ക്ക് കഞ്ഞിവിതരണം ചെയ്തു തുടങ്ങിയിട്ട് ഒരുവര്‍ഷമായി.

രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും മാത്രമല്ല, വിശന്നെത്തുന്ന ആര്‍ക്കും പ്രകാശന്‍ ആഹാരം നല്‍കും. സൗജന്യ കഞ്ഞിവിതരണത്തിന്റെ കാര്യം അമലയിലെത്തുന്നവരുടെ അറിവിലേക്കായി നോട്ടീസുവഴി പ്രകാശന്‍ പരസ്യപ്പെടുത്തിയിട്ടുമുണ്ട്.

നശിച്ചുകൊണ്ടിരിക്കുന്ന ജീവിത നന്മകളില്‍ കുറച്ചൊക്കെ ഈ ഭൂമിയില്‍ അവശേഷിച്ചിട്ടുണ്ടെന്ന് മനുഷ്യ മനസ്സുകള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുയാണ് ഇത്തരം നല്ല കാര്യങ്ങളിലൂടെ.