കടം വീട്ടുന്നതിന് 9-ാം ക്ലാസുകാരിയെ വിവാഹം കഴിപ്പിച്ചു

single-img
11 April 2015

chid-marriageനെടുങ്കണ്ടം: കടം വീട്ടാൻ വേണ്ടി 9-ാം ക്ലാസുകാരിയെ വിവാഹം കഴിച്ചു നൽകിയതായി പരാതി. ഇടുക്കിയിലെ നെടുങ്കണ്ടം മാവടിയിലാണ് സംഭവം. തേനി സ്വദേശി തിരുപ്പതി എന്ന ആളുടെ 14കാരിയായ മകളെയാണ് പണം കടം നൽകിയയാൾക്ക് വിവാഹം കഴിച്ചു നൽകിയത്. ഇവർ നെടുങ്കണ്ടത്തായിരുന്നു താമസിച്ചിരുന്നത്. തിരുപ്പതിയുടെ സഹോദരൻ കണ്ണൻ നൽകിയ പരാതിയിൽ തേനി വീരപാണ്ടി പോലീസ് കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിവാഹം നടന്നതായി പറയുന്നത്.

തേനിയിലെ തന്നെ കുടുംബത്തിലേക്കാണ് പെൺകുട്ടിയെ വിവാഹം കഴിച്ചു നൽകിയത്. പെൺകുട്ടിയെ പുറത്തു കാണാത്തതിനെ തുടർന്ന് നാട്ടുകാർ അന്വേഷിച്ചെങ്കിലും ഭാര്യയും മകളും തേനിയിലെ തറവാട് വീട്ടിൽ ഉണ്ടെന്നാണ് തിരുപ്പതിയുടെ മറുപടി. തുടർന്ന് കണ്ണൻറെ അന്വേഷണത്തിലാണ് മകളെ വിവാഹം കഴിച്ചുവിട്ട കാര്യം തിരുപ്പതി അറിയിച്ചത്. തുടർന്ന് കണ്ണൻ വീരപാണ്ടി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

പെൺകുട്ടിയെ കാണാനില്ലെന്നു കാണിച്ച് പ്രദേശവാസികൾ നെടുങ്കണ്ടം പോലീസിൽ പരാതി നൽകിയതിനേത്തുടർന്നാണ് പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടത്. വീരപാണ്ടി പോലീസ് കേസെടുത്തിട്ടുള്ളതിനാൽ വിഷയത്തിൽ കൂടുതൽ ഇടപെടേണ്ടതില്ലെന്നാണ് നെടുങ്കണ്ടം പോലീസിന്റെ നിലപാട്.