റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി ചൈനയിൽ രണ്ടുനില കെട്ടിടം ഉരുട്ടിമാറ്റുന്നു

single-img
11 April 2015

Hospital Put On Wheels And Moved To Save Trouble Of Rebuildingബീജിംഗ്: റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി രണ്ടുനില ആശുപത്രി കെട്ടിടം ഉരുട്ടിമാറ്റുന്നു. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ 1960ല്‍ നിര്‍മ്മിച്ച സെങ് ഗോങ് ആശുപത്രിയാണ് ഉരുട്ടി മാറ്റുന്നത്.  ആയിരത്തിലധികം ചെറിയ ഉരുക്കുകുഴലുകള്‍ ഉപയോഗിച്ചാണ് കെട്ടിടം ഉരുട്ടി മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. 1,700 സ്‌ക്വയര്‍മീറ്റര്‍ വിസ്തീര്‍ണമാണ് ആശുപത്രി കെട്ടിടത്തിനുള്ളത്.

റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി കെട്ടിടം പൊളിച്ചേ മതിയാകൂ എന്ന ഘട്ടത്തിലാണ് അധികൃതര്‍ ഇത്തരം ഒരു വഴി പ്രയോഗിക്കാന്‍ തീരുമാനിച്ചത്. ഒരുസംഘം വിദഗ്ധ എഞ്ചിനിയര്‍മാരുടെ നേതൃത്വത്തിലാണ് കെട്ടിടം ഉരുട്ടിമാറ്റുന്നത്. പ്രത്യേകം തയ്യാറാക്കി ഉരുക്ക് ഷീറ്റും കുഴലുകളുമാണ് ഇതിന് ഉപയോഗിക്കുന്നത്. ഒരുദിവസം എട്ടുമീറ്റര്‍ ദൂരം എന്ന കണക്കിൽ ഇപ്പോള്‍ 17.5 മീറ്റര്‍ നീക്കിക്കഴിഞ്ഞു. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തിയാവുമെന്നാണ് നിഗമനം.

പൊളിച്ചുമാറ്റലിനും നിര്‍മ്മാണത്തിനുമായി വേണ്ടിവരുന്ന വന്‍ പണച്ചെലവ് ഒഴിവാക്കാനാണ് തങ്ങള്‍ ഈ വഴി തിരഞ്ഞെടുത്തതെന്ന് ആശുപത്രി ഉടമസ്ഥര്‍ പറയുന്നു. ഇത് ആദ്യമായല്ല ചൈനയില്‍ കെട്ടിടം ഉരുട്ടിനീക്കുന്നത്. 2013 ല്‍ ആറുനിലയുള്ള ഒരു കെട്ടിടം ഇതുപോലെ നീക്കിയിരുന്നു.