സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തെ നെഹ്‌റു സര്‍ക്കാര്‍ 20 വർഷക്കാലം രഹസ്യമായി നിരീക്ഷിച്ചിരുന്നതായി വെളിപ്പെടുത്തല്‍

single-img
10 April 2015

netajiനെഹ്‌റു സര്‍ക്കാര്‍ രണ്ട് ദശാബ്ദത്തോളം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തെ രഹസ്യമായി നിരീക്ഷിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ഐബിയുടെ പക്കലുള്ള ഈ പഴയ രേഖകളെ ഇപ്പോള്‍ ദേശീയ ആര്‍ക്കൈവ്‌സിലേക്ക് മാറ്റി. 1948-1968 കാലഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ ബോസിന്റെ കുടുംബാംഗങ്ങള്‍ക്ക് രഹസ്യനിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നതായി രേഖകളില്‍ നിന്നും വ്യക്തമാകുന്നത്. ഈ ഇരുപത് വര്‍ഷങ്ങളില്‍ 16 വര്‍ഷം ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു പ്രധാനമന്ത്രി. ഇന്റെലിജന്‍സ് ബ്യൂറോ ഈ കാലഘട്ടത്തില്‍ പ്രധാനമന്ത്രിക്ക് കീഴിലായിരുന്നു. എന്തിനു വേണ്ടിയാണ് നേതാജിക്ക് സര്‍ക്കാര്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയതെന്ന് വ്യക്തമല്ല.

ബ്രിട്ടീഷ് ഭരണകാലത്ത് നേതാജിക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രത്യേക നിരീക്ഷണം നെഹ്‌റു സര്‍ക്കാരും പിന്തുടര്‍ന്നു എന്നുവേണം ഇതില്‍ നിന്നും മനസിലാക്കാന്‍.  ബ്രിട്ടീഷ് അധികാരികള്‍ കൊല്‍ക്കത്തയിലെ നേതാജിയുടെ കുടുംബ വീടുകളായ 1 വുഡ്‌ബേണ്‍ പാര്‍ക്ക്, എല്‍ഗിന്‍ റോഡിലെ 38/2 എന്നിവയ്ക്കും കുടുംബാംഗങ്ങള്‍ക്കും നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.

ബോസിന്റെ കുടുംബാംഗങ്ങള്‍ എഴുതുന്ന കത്തുകള്‍ തടഞ്ഞുവെക്കുകയും അവ പകര്‍ത്തിയെഴുതി സൂക്ഷിക്കുകയും ചെയ്തിരുന്നു. അവരുടെ സ്വദേശ, വിദേശ യാത്രകള്‍ സസൂക്ഷ്മം നിരീക്ഷിക്കുക എന്നിവയായിരുന്നു ഐബിയുടെ ചെയ്തികള്‍. ബോസിന്റെ കുടുംബാഗങ്ങള്‍ ആരെയൊക്കെ സന്ദര്‍ശിക്കുന്നു, അവരുമായി എന്തൊക്കെ ചര്‍ച്ച ചെയ്യുന്നു എന്നീ കാര്യങ്ങള്‍ അറിയാനും ഐബി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കുടുംബാംഗങ്ങളുടെ എല്ലാവിധ നീക്കങ്ങളും ഐബി എഴുതിവെച്ചിരുന്നു.

സഹോദര പുത്രന്മാരായ ആമിയ നാഥ് ബോസ്, ശിശിര്‍ കുമാര്‍ എന്നിവരിലാണ് ഐബി കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. നേതാജി കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന കാലത്ത് അദ്ദേഹത്തോട് വളരെ അടുപ്പം സൂക്ഷിച്ചിരുന്ന രണ്ടുപേരാണിവര്‍. കൂടാതെ നേതാജിയുടെ ഭാര്യയായ ഓസ്ട്രിയക്കാരി എമിലി ഷങ്കിലിന് ഇവര്‍ കത്തുകള്‍ അയച്ചിരുന്നു.

തങ്ങളുടെ കുടുംബം ദീര്‍ഘകാലം രഹസ്യ നിരീക്ഷണത്തിലായിരുന്നുവെന്ന വിവരം നേതാജിയുടെ കുടുംബം ഞെട്ടലോടെയാണ് ശ്രവിച്ചത്. കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കും തീവ്രവാദ ബന്ധമുള്ളവര്‍ക്കുമാണ് സാധാരണ നിരീക്ഷണവും കാവലും ഏര്‍പ്പെടുത്താറ്. സ്വാത്രന്ത്രത്തിന് വേണ്ടി പോരാടിയ ചന്ദ്രബോസിനും കുടുംബത്തിനും എന്തിന് വേണ്ടിയാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നതെന്ന് കൊല്‍ക്കത്തയില്‍ വ്യവസായിയായ നേതാജിയുടെ പിന്‍തലമുറക്കാരനായ ചന്ദ്രകുമാര്‍ ബോസ് ചോദിക്കുന്നു.

ജര്‍മ്മിനിയില്‍ സാമ്പത്തിക ശാസ്ത്രജ്ഞയായ നേതാജിയുടെ ഏകപുത്രി അനിത ബോസും നിരീക്ഷണത്തില്‍ നടുക്കം രേഖപ്പെടുത്തി.പുതിയ വെളിപ്പെടുത്തല്‍ തന്നെ ഭീതിയിലാക്കുന്നുവെന്നും. തന്റെ അമ്മാവന്‍(ശരത് ചന്ദ്ര) 1950 വരെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് നേതൃത്വവുമായി അദ്ദേഹം പിണങ്ങി. പക്ഷേ അദ്ദേഹത്തിന്റെ മക്കളെ നിരീക്ഷിച്ചതെന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അനിത പറഞ്ഞു.

ഇന്റെലിജന്‍സ് ബ്യൂറോയുടെ രേഖകള്‍ വിരളമായി മാത്രമേ പരസ്യപ്പെടുത്താറുള്ളു. ഈ രേഖകളുടെ ഒറിജനില്‍ ഇപ്പോഴും പശ്ചിമബംഗാള്‍ സര്‍ക്കാര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്.

1939ല്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു ബോസ്. എന്നാല്‍ മഹാത്മാഗാന്ധിയുമായും നെഹ്‌റുവുമായുള്ള എതിര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസ് വിട്ടു. പിന്നീട് അദ്ദേഹം ഇന്ത്യ വിട്ട് ജര്‍മ്മിനിയിലേക്ക് പോയി. പിന്നീട് ജപ്പാനിലേക്കും. 1945 ആഗസ്റ്റ് 18ന് തായ്‌വാനിലുണ്ടായ വിമാനപകടത്തില്‍ ദുരൂഹസാഹചര്യത്തില്‍ ബോസ് കൊല്ലപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്.

നേതാജിയുടെ ബന്ധപ്പെട്ട ചില നിര്‍ണ്ണായക രേഖകള്‍ എത്രയും പെട്ടന്ന് പരസ്യപ്പെടുത്തണമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.