രാജ്യത്തിന്റെ സാമ്പത്തികസുരക്ഷയ്ക്ക് ഭീഷണി; ‘ഗ്രീന്‍പീസി’ന്റെ ഇന്ത്യയിലെ രജിസ്‌ട്രേഷന്‍ ആഭ്യന്തര മന്ത്രാലയം റദ്ദാക്കി

single-img
10 April 2015

greenpeace_indiaദില്ലി:  രാജ്യത്തിന്റെ സാമ്പത്തികസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ‘ഗ്രീന്‍പീസി’ന്റെ ഇന്ത്യയിലെ രജിസ്‌ട്രേഷന്‍ ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായ സന്നദ്ധസംഘടന ഗ്രീന്‍പീസിനെ 180 ദിവസത്തേക്കാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. രജിസിട്രേഷന്‍ അനുവദിച്ചപ്പോള്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ സംഘടന ലംഘിച്ചെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. രജിസ്‌ട്രേഷന്‍ നടപടി റദ്ദാക്കിയതിനൊപ്പം സംഘടനയുടെ ഐ.ഡി.ബി.ഐ, ഐ.സി.ഐ.സി.ഐ തുടങ്ങി ഏഴ് ബാങ്കുകളിലായി ഉണ്ടായിരുന്ന അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ച് 23ന് സംഘടനയുടെ മാതൃരൂപമായ ഗ്രീന്‍പീസ് ഇന്‍റര്‍നാഷണല്‍ നല്‍കിയ ഒന്നരക്കോടിയാണ് തടഞ്ഞുവെച്ചത്. ഇന്റലിജന്‍സ് ബ്യൂറോ ഉള്‍പ്പെടെയുള്ളവരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയെന്നാണ് റിപ്പോര്‍ട്ട്.

ഗ്രീന്‍പീസിന്റെ ഇന്ത്യന്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി ഇന്ത്യയിലെ പല വികസന പ്രവര്‍ത്തനങ്ങളും വിദേശ ഫണ്ടിന്റെ സഹായത്തോടെ സംഘടന തടസപ്പെടുത്തുന്നതായി കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു. ആണവോര്‍ജപദ്ധതികള്‍ക്കെതിരെയും കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതിപദ്ധതികള്‍ക്കെതിരെയും സംഘടന ഇന്ത്യയില്‍ നടത്തിയ പോരാട്ടങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേസമയം, ഗ്രീന്‍പീസ് പോലെ ലോകത്തെ 40 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധസംഘടനയെ ഇന്ത്യ റദ്ദാക്കുന്നത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. കല്‍ഖരി ഖനി മാഫിയകള്‍ക്കെതിരെ ഗ്രീന്‍പീസിന്റെ പിന്തുണയോടുകൂടി മലയാളിയായ പ്രിയ പിള്ള സമരം നയിച്ചത് തുടര്‍ന്ന് അവരെ വിദേശത്തേക്കുള്ള യാത്രാമധ്യേ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത് വാര്‍ത്തയായിരുന്നു. കോര്‍പറേറ്റുകളുടെ സമ്മര്‍ദ്ദം മൂലമാണ് ഗ്രീന്‍പീസിനെ താത്കാലികമായി നിരോധിച്ചതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ശുദ്ധവായുവിനും വെള്ളത്തിനും വിഷമുക്ത ഭക്ഷണത്തിനും മറ്റുമായി തുടരുന്ന പോരാട്ടങ്ങള്‍ക്ക് രാജ്യത്തെ സന്മനസ്സുകള്‍ പിന്തുണ നല്‍കുന്നുവെന്നത് അഭിമാനകരമാണെന്ന് ഗ്രീന്‍പീസ് ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടര്‍ സമിത് അഭിപ്രായപ്പെട്ടു. എതിരഭിപ്രായം പറയുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ച് വ്യത്യസ്ത വീക്ഷണക്കോണുകള്‍ മനസ്സിലാക്കാനും നിലനില്‍ക്കുന്നതും പങ്കാളിത്തത്തിലൂന്നിയതുമായ വികസനം സാധ്യമാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.