തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 36 വര്‍ഷങ്ങള്‍ക്കു ശേഷം തൂക്കുമരം തയ്യാറാകുന്നു; സംസ്ഥാനത്ത് റിപ്പര്‍ ചന്ദ്രനുശേഷമുള്ള ആദ്യ വധശിക്ഷയും കാത്ത് ആലുവയില്‍ മഞ്ഞൂരാന്‍ കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ ആന്റണി

single-img
9 April 2015

Poojappura-central-jail

ആലുവ മഞ്ഞൂരാന്‍ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയുടെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ജയില്‍വകുപ്പ് ആരംഭിച്ചു. ആന്റണി രാഷ്ട്രപതിക്കു നല്‍കിയ ദയാഹര്‍ജി തള്ളിയതോടെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 36 വര്‍ഷത്തിന്റെ ഇടവേളയ്ക്കുശേഷം തൂക്കുമരം തയ്യാറാകുകയാണ്.

ദയാഹര്‍ജി തള്ളിയതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് രണ്ട് ദിവസത്തിനുള്ളില്‍ ജയില്‍ ആസ്ഥാനത്തും ജില്ലാ കോടതിക്കും ലഭിക്കുന്നതോടെ നടപടിക്രമങ്ങള്‍ ഒദ്യോഗികമായി ആരംഭിക്കും. ശിക്ഷ നടപ്പാക്കുന്നതിന് ജില്ലാ കോടതി മരണശിക്ഷ നടപ്പാക്കുന്നതിനുള്ള ദിവസവും സമയവും നടപടിക്രമങ്ങളും ഉള്‍പ്പെട്ട ബ്ലാക്ക് വാറണ്ട് നടപ്പിലാക്കും. ഇതിന് മുന്നോടിയായാണ് തൂക്കുമരം ഉള്‍പ്പെടെയുള്ളവ സജ്ജീകരിക്കുന്നത്. തൂക്കുമുറിയും മറ്റും കഴിഞ്ഞവര്‍ഷം പൊതുമരാമത്തുവകുപ്പ് അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും കഴുമരവും മറ്റും വീണ്ടും സജ്ജീകരിക്കേണ്ടി വരും.

സംസ്ഥാനത്ത് അവസാനത്തെ വധശിക്ഷ നടപ്പാക്കിയത് 1991ല്‍ കണ്ണൂര്‍ ജയിലില്‍ റിപ്പര്‍ ചന്ദ്രനെ തൂക്കിലേറ്റിയായിരുന്നു. പക്ഷേ പൂജപ്പുരയില്‍ 36 വര്‍ഷത്തിനുശേഷമാണ് വധശിക്ഷ നടപ്പാക്കുന്നത്. ആന്റണിയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതോടെ വധശിക്ഷ ഉറപ്പായ സ്ഥിതിക്ക് പ്രതിയെ ഏകാന്ത തടവിലേക്ക് മാറ്റും. വധശിക്ഷ നടപ്പാക്കുമ്പോള്‍ പ്രതി പൂര്‍ണമായും ആരോഗ്യവാനായിരിക്കണമെന്നാണ് ചട്ടം. ഏതെങ്കിലും രീതിയില്‍ പ്രതിക്ക് പരിക്കേല്‍ക്കുകയോ അസുഖം വരുകയോ ചെയ്താല്‍ ശിക്ഷ നടപ്പിലാക്കാന്‍ കഴിയുന്നതല്ല. അതുകൊണ്ട് തന്നെ പ്രതിയെ പാര്‍പ്പിച്ചിരിക്കുന്ന സെല്ലിന് മുന്നില്‍ 24 മണിക്കൂറും പോലീസ് നിരീക്ഷണമുണ്ടാകും. പ്രതിയുടെ കൂടെ താല്‍പര്യത്തോടെ മാത്രമേ സന്ദര്‍ശകരേയും അനുവദിക്കുകയുള്ളു.

ജയില്‍ വകുപ്പില്‍ ഇപ്പോള്‍ ആരാച്ചാര്‍ തസ്തികയില്‍ ആളില്ലാത്തതിനാല്‍ ജയില്‍ ജീവനക്കാരില്‍ താത്പര്യമുള്ളവരെ വധശിക്ഷ നടപ്പിലാക്കാന്‍ നിയോഗിക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ ഈ ജീവനക്കാരന്റെ പേര് രഹസ്യമായിരിക്കും. വധശിക്ഷ നടപ്പിലാനക്കുന്ന സമയത്ത് ജുഡീഷ്യല്‍ ഓഫീസര്‍, ഡോക്ടര്‍, ജയിലര്‍, ആരാച്ചാര്‍ തുടങ്ങിയവര്‍ തൂക്കുമരത്തിന് സമീപമുണ്ടായിരിക്കുകയും പ്രതിയുടെ മരണം ഡോക്ടര്‍ തീര്‍ച്ചപ്പെടുത്തുകയും ചെയ്യേണ്ടതാണ്.

ആലുവയില്‍ 2001 ജനവരി 6ന് മാഞ്ഞൂരാന്‍ കുടുംബത്തിലെ ആറുപേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ആന്റണിക്ക് തൂക്കുകയര്‍ ലഭിച്ചത്. അഗസ്റ്റിന്‍(47), ഭാര്യ ബേബി(42), മക്കളായ ജെയ്‌മോന്‍(14), ദിവ്യ(12), അഗസ്റ്റിന്റെ അമ്മ ക്ലാര(74), സഹോദരി കൊച്ചുറാണി(42) എന്നിവരാണ് ആന്റണിയുടെ ആക്രമണത്തിനരയായി കൊല്ലപ്പെട്ടത്.