ലോകത്തെ ഏറ്റവും വലിയ ഫ്‌ളോട്ടിംഗ് സൗരോര്‍ജ്ജ വൈദ്യുതി നിലയം ഇനി നമ്മുടെ കേരളത്തില്‍

single-img
9 April 2015

napa250 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഫ്‌ളോട്ടിംഗ് സൗരോര്‍ജ്ജ വൈദ്യുതി നിലയം പടിഞ്ഞാറേ കല്ലട ഒരുങ്ങുന്നു. വെള്ളത്തിന് മീതേ സോളാര്‍ പാനല്‍ പാകി അതില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതിയാണ് ഫ്‌ളോട്ടിംഗ് സൗരോര്‍ജ്ജ നിലയം.

കടപുഴ കാരാളിമുക്ക് റോഡിലെ വയല്‍ മണ്ണ്- മണല്‍ ലോബികള്‍ തകര്‍ത്തതിന്റെ ഫലമായി പ്രസ്തുത വയലുകളുടെ ഉടമകളായ 150 പേരാണ് ഇത് സോളാര്‍ പവര്‍ പ്രോജക്ടിന് നല്‍കാനായി മുന്നോട്ട് വന്നത്. 600 കോടി രൂപ മുതല്‍മുടക്കില്‍ 350 ഏക്കര്‍ വയലില്‍ നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പ്പറേഷനാണ്പ്ലാന്റ് സ്ഥാപിക്കുന്നത്. പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി സംസ്ഥാന വൈദ്യുതി ബോര്‍ഡിന് നല്‍കും.

മണ്ണ് ലോബികളുടെ അധിനിവേശത്തെ തുടര്‍ന്ന് പടിഞ്ഞാറെ കല്ലട പഞ്ചായത്ത് മുന്‍കൈ എടുത്ത് ഭൂഉടമകളുടെ നേതൃത്വത്തില്‍ വെസ്റ്റ് കല്ലട നോണ്‍ കണ്‍വെന്‍ഷണല്‍എനര്‍ജി പ്രോമോട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു. ഈ കമ്പനി 30 വര്‍ഷത്തേക്ക് കെ.എസ്. ഇ.ബിക്ക് പാട്ടത്തിന് നല്‍കിയ ഭൂമി പ്ലാന്റ് സ്ഥാപിക്കാനായി എന്‍. എച്ച്. പി. സി ക്ക് കൈമാറുകയായിരുന്നു.

പടിഞ്ഞാറെ കല്ലടയിലെ പ്ലാന്റ് ഉയരുന്നതോടെ ഇപ്പോള്‍ ലോകത്തെ ഏറ്റവും വലുതായ ജപ്പാനില്‍ ടോക്കിയോ ലീസിംഗ് കോര്‍പ്പറേഷന്‍ സ്ഥാപിച്ച 13.4 മെഗാവാട്ട് ശേഷിയുള്ള ഫ്‌ളോട്ടിംഗ് സോളാര്‍ പവര്‍ പ്രോജക്ടിന്റെ റിക്കോര്‍ഡാണ് പഴങ്കഥയാകുന്നത്. ഫ്‌ളോട്ടിംഗ് പവര്‍ സ്‌റ്റേഷന്റെ നിര്‍മ്മാണം മേയില്‍ ആരംഭിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി, പടിഞ്ഞാറേ കല്ലട പഞ്ചായത്ത് പ്രസിഡന്റ് തൃദീപ്കുമാര്‍, വസ്തു ഉടമകളുടെ പ്രതിനിധി സതീഷ് കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.