ഗുജറാത്തിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശത്തുനിന്നും മുസ്ലീം കുടുംബങ്ങളെ വിഎച്ച്പി ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുന്നു; സംഭവം പ്രധാനമന്ത്രിയുടെ ജന്മസ്ഥലത്ത്

single-img
9 April 2015

gujaratlocationmapഭാവന്‍നഗര്‍: ഗുജറാത്തിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശത്തുനിന്നും മുസ്ലീം കുടുംബങ്ങളെ വിഎച്ച്പി ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മസ്ഥലമായ ഭാവന്‍ നഗറിലെ താമസക്കാരനായ മുസ്ലീം ബിസിനസുകാരനേയും കുടുംബത്തേയും വിഎച്ച്പിയുടെ നേതൃത്വത്തില്‍ ബലമായി ഒഴിപ്പിച്ചത്. ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് 2014 ജനുവരിയിലാണ് അലിസഗര്‍ സാവേരി എന്ന മുസ്ലിം യുവാവ് ബംഗ്ലാവ് വാങ്ങി താമസത്തിനെത്തിയത്. മുസ്ലീം കുടുംബം താമസത്തിനെത്തിയത് പ്രദേശത്തെ ഹിന്ദു സംഘടനകൾ എതിർത്തിരുന്നു.

തുടര്‍ന്ന് മുസ്ലീം സമുദായത്തിന്റെ ആഹാര രീതികള്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നെന്ന കാരണം പറഞ്ഞ് ഇയാള്‍ക്കെതിരെ പ്രതിഷേധവും ഉയര്‍ന്നു. സാവേരിയുടെ നേതൃത്വത്തില്‍ കൂടുതല്‍ മുസ്ലീങ്ങള്‍ പ്രദേശത്തെത്തുമെന്ന് ഭയന്ന ഹിന്ദു സംഘടനകള്‍ സ്ഥലം വില്‍പന നടത്താന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് 2014 ഡിസംബര്‍ 30ന് സാവേരിയുടെ ബംഗ്ലാവ് മറ്റൊരാള്‍ക്ക് വില്‍ക്കുകയായിരുന്നെന്ന് രേഖകള്‍ പറയുന്നു.

സംഭവം വിവാദമായതോടെ വിഎച്ച്പി തങ്ങളുടെ ഭാഗം ന്യായീകരിച്ച് രംഗത്തെത്തി. പ്രദേശവാസികളുടെ പ്രതിഷേധം ഭയന്നാണ് സാവേരി സ്ഥലം വില്‍പന നടത്തിയതെന്നും തങ്ങള്‍ യാതൊരു സമ്മര്‍ദ്ദവും പ്രയോഗിച്ചില്ലെന്നും വി.എച്ച്.പി അധ്യക്ഷന്‍ അറിയിച്ചു. സാവേരി സംഭവത്തെക്കുറിച്ച് ഇതുവരം പ്രതികരിച്ചിട്ടില്ല.