പി.സി ജോര്‍ജിനെ തനിക്ക് ഭയമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

single-img
9 April 2015

umman-chandy_2_2011-12-29-01-12-54-lതിരുവനന്തപുരം: പി.സി ജോര്‍ജിനെ തനിക്ക് ഭയമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാണിക്കെതിരെ അതിരുകടന്ന് സംസാരിക്കുന്ന ജോര്‍ജിനെ യു.ഡി.എഫില്‍ നിലനിര്‍ത്തണമോയെന്ന് ആ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

തനിക്ക് നല്‍കിയ കത്തില്‍ പറഞ്ഞ പല കാര്യങ്ങളും തന്നോട് നേരത്തെ പറഞ്ഞതാണെന്ന ജോര്‍ജിന്റെ വാദം ശരിയല്ലെന്നും  കത്ത് കിട്ടിയയുടന്‍ ജോര്‍ജുമായി ടെലഫോണ്‍ വഴി സംസാരിക്കുകയുംചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.

മുന്നണി രാഷ്ട്രീയത്തിന്റെ പൊതുതത്വം അനുസരിച്ചാണ് ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ജോര്‍ജിനെ മാറ്റിയത്. ഇതിനായി ചര്‍ച്ച നടത്തിയത് ശരിയാണോയെന്ന് ചിന്തിക്കുന്നവരുമുണ്ട്. ചര്‍ച്ചകള്‍ കീഴടങ്ങലല്ല. തന്റെ പൊതുവായ രീതിയാണ്.

സര്‍ക്കാരിന്റെ പ്രതിച്ഛായയെ ഇത്തരം ഒരു വിവാദവും ബാധിക്കില്ല. വിവാദങ്ങള്‍ക്കുശേഷം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ എന്താണുണ്ടായത്?

കേരളത്തില്‍ ജനങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയോടൊപ്പം നിന്നു. ജനങ്ങള്‍ക്ക് ഇതൊക്കെ അറിയാം. സര്‍ക്കാരിന് ജനങ്ങളുടെ പിന്തുണയുമുണ്ട്. മൂന്ന് മന്ത്രിമാര്‍ക്കെതിരെ സരിതയുടെ കത്തില്‍ ഗുരുതരമായ ആരോപണങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ രണ്ടുകൊല്ലം മുമ്പ് നടന്ന സംഭവം ഇപ്പോള്‍ വീണ്ടുമെങ്ങനെ ഉയര്‍ന്നുവന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.

ആഭാസ സര്‍ക്കാരെന്നാണ് പ്രതിപക്ഷ നേതാവ് വിശേഷിപ്പിച്ചതെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ നിയമസഭയില്‍ നടന്നതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ അത് വിലയിരുത്തട്ടെയെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, അതിനെ ആഭാസമെന്ന് താന്‍ പറയുന്നില്ല.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഉറപ്പിക്കാന്‍ ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.