മറ്റു മൃഗങ്ങളെ കൊല്ലുന്നതിനും നിരോധനം ഏര്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍; മത്സ്യ വില്‍പ്പന നിരോധിക്കരുതെന്ന് കോടതിയുടെ പരിഹാസം

single-img
7 April 2015

8589130505349-indian-cow-wallpaper-hd

സംസ്ഥാനത്ത് ബീഫ് നിരോധനം ഏര്‍പ്പെടുത്തിയത് തുടക്കം മാത്രമാണെന്നും മറ്റ് മൃഗങ്ങളെ അറക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്നും ബോംബെ ഹൈക്കോടതിയോട് മഹാരാഷ്ട്ര സര്‍ക്കാര്‍.

പശുവിനേയും കാളയേയും കൊല്ലുന്നതും മാംസം വില്‍ക്കുന്നതും തടഞ്ഞ മഹാരാഷ്ട്ര ആനിമല്‍ പ്രിസര്‍വേഷന്‍ ആക്ടിനെതിരെയുള്ള ഹര്‍ജികള്‍ ജസ്റ്റിസ് വിഎം കാണ്ഡേയും ജസ്റ്റിസ് എആര്‍ ജോഷിയും അടങ്ങിയ ബഞ്ച് പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയത്. ഗോവധത്തിന് മാത്രം എന്തുകൊണ്ട് നിരോധനം ഏര്‍പ്പെടുത്തിയെന്ന കോടതിയുടെ ചോദ്യത്തോടായിരുന്നു മറ്റു മൃഗങ്ങളെ അറക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുമെന്ന സര്‍ക്കാരിന്റെ മറുപടി.

മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറല്‍ സുനില്‍ മനോഹര്‍ ആണ് കോടതിയില്‍ ഹാജരായത്. ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങള്‍ പാലിച്ചാണ് ആനിമല്‍ പ്രിസര്‍വേഷന്‍ ആക്ട് സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും എജി കോടതിയില്‍ പറഞ്ഞു.

എന്നാല്‍ പുതിയ നിയമം സംസ്ഥാനത്തിന് പുറത്തേക്കുള്ള കുടിയേറ്റത്തിന് കാരണമായേക്കുമെന്നും മത്സ്യ വില്‍പ്പന നിരോധിക്കരുതെന്നും കോടതി പരിഹാസരൂപേണ ആവശ്യപ്പെട്ടു. മദ്യം ഉപയോഗിക്കാന്‍ ലൈസന്‍സ് നല്‍കുന്നതു പോലെ ബീഫ് ഉപഭോഗത്തിനും ലൈസന്‍സ് നല്‍കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.