നോക്കുകൂലി ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കൊച്ചി ബിനാലെയ്‌ക്കെത്തിയ അമേരിക്കന്‍ കലാകാരന്‍ സ്വന്തം കലാസൃഷ്ടി എറിഞ്ഞുടച്ചു; വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു

single-img
4 April 2015

_bienaleകൊച്ചി: നോക്കുകൂലി ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കൊച്ചി ബിനാലെയ്‌ക്കെത്തിയ അമേരിക്കന്‍ കലാകാരന്‍ സ്വന്തം കലാസൃഷ്ടി എറിഞ്ഞുടച്ചു. വാസ്‌വോ എക്‌സ്‌വാസ്‌വോ എന്ന അമേരിക്കന്‍ കലാകാരനാണ് സ്വന്തം സൃഷ്ടികള്‍ എറിഞ്ഞുടച്ചത്. മട്ടാഞ്ചേരിയില്‍ ബിനാലെയുടെ പ്രദര്‍ശനം നടന്ന മില്‍ ഹോള്‍ കോംപൗണ്ടിലായിരുന്നു സംഭവം.

രാജസ്ഥാനില്‍ താമസിച്ച് കലാപ്രവര്‍ത്തനം നടത്തുന്ന വാസ്‌വോ നോക്കുകൂലിയില്‍ പ്രതിഷേധിച്ച് സ്വന്തം കലാസൃഷ്ടി എറിഞ്ഞുടയ്ക്കുകയായിരുന്നു. എന്നിട്ട് അതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തു.

‘സ്ലീപിംഗ് ത്രൂ ദി മ്യൂസിയം’ എന്ന കലാസൃഷ്ടിയാണ് ഇദ്ദേഹം എറിഞ്ഞുടച്ചത്. മുന്ന് മാസം നീണ്ട പ്രദര്‍ശനം മാര്‍ച്ച് 29ന് അവസാനിച്ചതോടെ കലാസൃഷ്ടി തിരികെ കൊണ്ടു പോകാനുള്ള ഒരുക്കത്തിനിടെ ഇദ്ദേഹത്തില്‍ നിന്ന് തൊഴിലാളികള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. വിദേശിയായതിനാലാണ് തന്നോട് കൂടുതല്‍ കൂലി ആവശ്യപ്പെട്ടതെന്നും വാസ്‌വോ ആരോപിച്ചു.

ഇത് കേരളത്തിലെ യൂണിയന്‍കാര്‍ക്കുള്ള ഒരു സാക്ഷ്യപത്രമാണ്. എങ്ങനെയാണ് അവര്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ബിസിനസിനെ തകര്‍ക്കുന്നതെന്നുമുള്ള സാക്ഷ്യം എന്നു അദ്ദേഹം വിളിച്ചു പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഒരു ആള്‍ക്കൂട്ടം പോലെയാണ് യൂണിയന്‍കാര്‍ പ്രവര്‍ത്തിക്കുക. അവര്‍ ട്രക്കിനടുത്ത് വരും. വലി തുക കൂലി പറയും. അവരുടെ ആവശ്യം അംഗീകരിക്കും വരെ മറ്റാരെയും സാധനങ്ങള്‍ കയറ്റാനോ ഇറക്കാനോ അവര്‍ സമ്മതിക്കില്ല. ഒരു ട്രക്കില്‍നിന്ന് സാധനങ്ങള്‍ ഇറക്കുന്നതിന് 60,000 മുതല്‍ 80,000 വരെ അവര്‍ ചോദിക്കും. ഭീഷണിയും സാധനങ്ങള്‍ നശിപ്പിക്കുമെന്ന ഗുണ്ടായിസവും കാണിക്കും. അവരോട് വിലപേശുന്നതിനേക്കാള്‍ നല്ലത് ഈ സാധനങ്ങള്‍ എറിഞ്ഞുടക്കുകയാണ് എന്ന് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം എഴുതി.

അതേസമയം കൂടുതല്‍ കൂലി ചോദിച്ച സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് കൊച്ചിയിലെ തൊഴിലാളി യൂണിയനുകള്‍ പ്രതികരിച്ചു.