ലൂയിസ് ജോര്‍ദാൻ പാതി പൊളിഞ്ഞ ബോട്ടില്‍ ദിക്കറിയാതെ കടലില്‍ ഒഴുകിനടന്നത് 66 ദിവസം

single-img
3 April 2015

seaവാഷിങ്ടണ്‍: ഹോളിവൂഡ് സിനിമയെ വെല്ലുന്ന തരത്തിലുള്ള ജീവിത അനുഭവവുമായി അമേരിക്കക്കാരന്‍ ലൂയിസ് ജോര്‍ദാൻ. കഴിഞ്ഞ ജനവരിയില്‍ തോണി എടുത്ത് മീന്‍ പിടിക്കാന്‍ കടലില്‍ പോയ ജോര്‍ദന്‍ കരയില്‍ തിരിച്ചെത്തിയത് മാര്‍ച്ച് രണ്ടിന് അതും തിരസംരക്ഷണസേനയുടെ സഹായത്തോടെ. മീൻ പിടിക്കാൻ പോയ ജോർദൻ കാറ്റും കോളും നിറഞ്ഞ കടലില്‍ പാതി പൊളിഞ്ഞ ബോട്ടില്‍ ദിക്കറിയാതെ ഒഴുകിനടന്നത് 66 ദിവസം. ആകാശത്തോളം ഉയരുന്ന തിരമാലകളും ആഞ്ഞുവീശുന്ന കാറ്റും ജോര്‍ദന്റെ മുന്നില്‍ ഓരോ നിമിഷവും മരണത്തെ കൊണ്ടുവന്നുനിര്‍ത്തി. കടലില്‍ നിന്ന് പിടിച്ച മീന്‍ പച്ചയോടെ കഴിച്ചും വല്ലപ്പോഴും പെയ്യുന്ന മഴവെള്ളം കുടിച്ചുമാണ് ജോര്‍ദന്‍ ഇക്കാലമത്രും ജീവന്‍ നിലനിര്‍ത്തിയത്.

നോര്‍ത്ത് കരോലിനയില്‍ നിന്ന് 200 മൈല്‍ അകലെ കേപ് ഹറ്റാരെസിന് കിഴക്കായി തകര്‍ന്ന ബോട്ടില്‍ അലയുകയായിരുന്ന ജോര്‍ദനെ വ്യാഴാഴ്ച ഉച്ചയോടെ ഒരു ജര്‍മന്‍ കപ്പലാണ് കണ്ടെത്തിയത്. കപ്പലിലെ ജീവനക്കാര്‍ തൊട്ടടുത്തുള്ള തീരദേശസേനയെ വിവരം അറിയിച്ചു. പിന്നീട് ഇവരെത്തി ഹെലികോപ്റ്ററിലാണ് ജോര്‍ദനെ രക്ഷിച്ച് കരയിലെത്തിച്ചത്. അപ്പോഴേക്കും അവശനിലയിലായിരുന്നു ജോര്‍ദന്‍. വെര്‍ജീനിയ നോര്‍ഫോക്കിലെ ആസ്പത്രിയില്‍ ചികിത്സയിലാണ് ഈ മുപ്പത്തിയേഴുകാരന്‍.

ജനവരി 29 മുതല്‍ ജോര്‍ദനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് തീരസംരക്ഷണ സേന കടലില്‍ ജോര്‍ദനുവേണ്ടി നിരവധി ദിവസം തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. കരയിലെത്തിയ ഉടനെ ജോര്‍ദന്‍ വീട്ടില്‍ വിളിച്ച് അച്ഛനുമായി സംസാരിച്ചു.