മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന് ബിജെപി സര്‍ക്കാര്‍ സ്മാരകം പണിയുന്നു

single-img
1 April 2015

narasimha-raoന്യൂഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന് എന്‍.ഡി.എ സര്‍ക്കാര്‍ സ്മാരകം പണിയുന്നു. ഡല്‍ഹിയില്‍ യമുനാ തീരത്തുള്ള റാവുവിന്‍െറ സമാധിസ്ഥലമായ ‘ഏകതാ സ്ഥല്‍’ സ്മാരകമാക്കി മാറ്റാനാണ് തീരുമാനം. കേന്ദ്ര നഗരവികസന മന്ത്രാലയം ഇതുസംബന്ധിച്ച പദ്ധതി തയാറാക്കി. ഇന്ത്യയുടെ സാമ്പത്തിക പരിഷ്കരണങ്ങള്‍ക്ക് തുടക്കംകുറിച്ച പ്രധാനമന്ത്രിയെന്ന നിലക്ക് റാവുവിന് സ്മാരകം വേണമെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേരത്തേ ആവശ്യം ഉന്നയിച്ചിരുന്നു.

കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന ബി.ജെ.പിയുടെ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തില്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്‍െറ നിസ്സംഗ സമീപനം പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു. ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍നിന്നകന്നതിന് റാവുവിന്‍െറ സമീപനം കാരണമായെന്ന് കോണ്‍ഗ്രസ് വിലയിരുത്തി. പള്ളിപൊളിക്കാൻ മൗനാനുവാദം നല്‍കിയ റാവുവില്‍നിന്ന് അകലംപാലിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

മോദി സര്‍ക്കാര്‍ റാവുവിന് സ്മാരകം പണിയാന്‍ ഒരുങ്ങുന്നതിന് പിന്നിലെ രാഷ്ട്രീയവും ഇതാണ്. പള്ളിപൊളിക്കാന്‍ ആര്‍.എസ്.എസുമായി റാവു ഉണ്ടാക്കിയ രഹസ്യധാരണക്കുള്ള പ്രത്യുപകാരമാണ് സ്മാരകമെന്ന് യു.പി മന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഅ്സംഖാന്‍ പറഞ്ഞു.