വാജ്‌പേയിയെ ആണവപരീക്ഷണത്തിന് പ്രേരിപ്പിച്ചത് പി.വി നരസിംഹ റാവു

single-img
1 April 2015

narasimha-raoന്യൂഡല്‍ഹി: വാജ്‌പേയിയെ ആണവപരീക്ഷണത്തിന് പ്രേരിപ്പിച്ചത് മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവാണെന്ന് വെളിപ്പെടുത്തല്‍. വാജ്‌പേയിയുടെ മാധ്യമോപദേഷ്ടാവ് അശോക് ടണ്ഠന്റേതാണ് വെളിപ്പെടുത്തല്‍.

1996-ല്‍ ആദ്യത്തെ എന്‍.ഡി.എ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം, രാഷ്ട്രപതി ഭവനില്‍ വെച്ച് റാവു വാജ്‌പേയിക്ക് ഒരു കുറിപ്പ് നല്‍കിയിരുന്നതായി ടണ്ഠന്‍ ഓര്‍ക്കുന്നു. ‘തനിക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ജോലി നിറവേറ്റാന്‍ പറ്റിയ സമയമാണിത്’ എന്നാണ് റാവു ആ കുറിപ്പില്‍ എഴുതിയിരുന്നത്.  എന്നാല്‍, വെറും 13 ദിവസം മാത്രം നീണ്ട സര്‍ക്കാറിന് ആണവപരീക്ഷണത്തിന് അവസരം ലഭിച്ചില്ല. തുടർന്ന് 1998-ല്‍ ഇടക്കാല തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ രണ്ടാം എന്‍.ഡി.എ സര്‍ക്കാർ വാജ്‌പേയിയുടെ ആദ്യനിര്‍ദേശം ആണവപരീക്ഷണം നടത്താനായിരുന്നു. 1998 മെയ് 11, 13 തീയതികളില്‍ പൊഖ്‌റാനില്‍ ഇന്ത്യ പരീക്ഷണം നടത്തി.

റാവു പ്രധാനമന്ത്രിയായിരിക്കെ 1995-ല്‍ പൊഖ്‌റാനില്‍ ആണവപരീക്ഷണത്തിന് എല്ലാ നീക്കങ്ങളും തുടങ്ങിയിരുന്നു. എന്നാല്‍, ഉപഗ്രഹ ചിത്രങ്ങളില്‍ നിന്നും മറ്റും ഇതു സംബന്ധിച്ച വിവരമറിഞ്ഞ അമേരിക്ക, സര്‍ക്കാറിനെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു.  ജപ്പാന്‍കാര്‍ മുഖേനയും റാവുവിനെ യു.എസ് സ്വാധീനിച്ചിരുന്നുവെന്നും വാജ്‌പേയിക്ക് ഭാരതരത്‌ന കിട്ടിയതുമായി ബന്ധപ്പെട്ട് ഒരു പത്രത്തിലെഴുതിയ ലേഖനത്തില്‍ ടണ്ഠന്‍ പറയുന്നു.